'പാർലമെന്റാണ് പരമോന്നതം; അതിന് മുകളിൽ ഒന്നുമില്ല'; ജുഡീഷ്യറിക്കെതിരായ വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻഘഡ്

ജഡ്ജിമാർ സൂപ്പർ പാർലമെന്റാവുന്നു എന്നായിരുന്നു ധൻഘഡിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന

Update: 2025-04-22 13:00 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ അധികാരപരിധിയെ വീണ്ടും ചോദ്യംചെയ്ത് ഉപരാഷ്ട്രപതി ജഗദീപ് ധൻഘഡ്. പാര്‍ലമെന്റാണ് പരമോന്നതമെന്ന് പറഞ്ഞ ഉപരാഷ്ട്രപതി, അതിന് മുകളില്‍ ഒരു അധികാര കേന്ദ്രവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഡല്‍ഹി സര്‍വകലാശാലയില്‍ വെച്ച് നടന്നൊരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജിമാര്‍ സൂപ്പര്‍-പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്നു, പക്ഷേ ഉത്തരവാദിത്തമില്ല എന്ന് ജുഡീഷ്യറിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പാര്‍ലമെന്റ് പരമോന്നതമാണെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

''അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരു പ്രധാനമന്ത്രിയോട് 1977ല്‍ കണക്ക് ചോദിക്കപ്പെട്ടു. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട, ഭരണഘടന ജനങ്ങള്‍ക്കായുള്ളതാണ്, അതിനെ സംരക്ഷിക്കാനുള്ള ചുമതലയും അവര്‍ക്കാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കുമെന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായ അധികാരമുള്ളവര്‍'' – ജഗദീപ് ധൻഘഡ് വ്യക്തമാക്കി.

സംസ്ഥാനം പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിന് സുപ്രിംകോടതിയെ വ്യാഴാഴ്ച ഉപരാഷ്ട്രപതി വിമര്‍ശിച്ചിരുന്നു. ‘നിയമ നിര്‍മാണം നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ നമുക്കുണ്ട്, രാജ്യത്തെ നിയമം അവര്‍ക്ക് ബാധകമല്ലാത്തതിനാല്‍ അവര്‍ക്ക് ഉത്തരവാദിത്തമില്ല''- ഇങ്ങനെയായിരുന്നു ജഗദീപ് ധൻഖഡ്‌ നേരത്തെ പ്രതികരിച്ചത്. 

ഇതിന് പിന്നാലെ ബിജെപി നേതാക്കളും സുപ്രിം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News