മൂന്നുവട്ടം തെരഞ്ഞെടുക്കപ്പെട്ടിട്ടും ഒന്നും ചെയ്തില്ല; ബി.ജെ.പി എം.പിയെ ചോദ്യം ചെയ്ത് അണികൾ

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലെ തർക്കത്തെ തുടർന്ന് ബി.ജെ.പി എം.പി ഇറങ്ങിപ്പോയി

Update: 2024-03-29 16:19 GMT
Advertising

ബെംഗളൂരു: മൂന്നുവട്ടം തെരഞ്ഞെടുക്കപ്പെട്ടിട്ടും ഒന്നും ചെയ്യാതിരുന്ന ബി.ജെ.പി എം.പിയെ ചോദ്യം ചെയ്ത് പാർട്ടി അണികൾ. ബെംഗളൂരു സെൻട്രലിൽ നിന്ന് രണ്ട് തവണ എംഎൽഎയും മൂന്ന് തവണ എംപിയായും തെരഞ്ഞെടുക്കപ്പെട്ട പി.സി മോഹനെയാണ് അണികൾ പാർട്ടി പരിപാടിയിൽ ചോദ്യം ചെയ്തത്.

വ്യാഴാഴ്ച ബംഗളൂരുവിലെ ശാന്തി നഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് എംപിയും പാർട്ടി പ്രവർത്തകരും പ്രാദേശിക ബിജെപി നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായത്. ഇതോടെ പി.സി. മോഹൻ എം.പി ചടങ്ങിൽനിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയി.

പ്രചാരണ യോഗത്തിലെ തർക്കത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മോഹനെ ബിജെപി പ്രവർത്തകരും പ്രാദേശിക പാർട്ടി നേതാക്കളും വളഞ്ഞിരിക്കുന്നത് വീഡിയോയിൽ കാണാം. എം.പി മൈക്ക് പിടിച്ച് സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ നേതാക്കൾ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിലുണ്ട്. മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും പി.സി മോഹൻ കാര്യമായ പദ്ധതികൾ നടപ്പാക്കാത്തത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തു.

എംപിയായിരുന്നിട്ടും തങ്ങളുടെ ക്ഷേമത്തിന് കാര്യമായ സംഭാവനകൾ നൽകിയില്ലെന്ന നിരാശയും അവർ പ്രകടിപ്പിച്ചു. തങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാത്തയാളെ എന്തിനാണ് വീണ്ടും നാമനിർദ്ദേശം ചെയ്തതെന്നും ചോദിച്ചു.

മുൻ ശാന്തിനഗർ കോർപ്പറേറ്റർ ശിവകുമാറും ഇതര ബിജെപി പ്രവർത്തകരുമാണ് തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. സദാനന്ദ ഗൗഡയെപ്പോലെ വിരമിച്ച നേതാക്കളെ എംപി പിസി മോഹൻ മാതൃകയാക്കണമായിരുന്നുവെന്നും അവർ പറഞ്ഞു. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് പി സി മോഹൻ പരിപാടി പാതിവഴിയിൽ ഉപേക്ഷിച്ചുമടങ്ങിയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News