മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം: യൂറോപ്യൻ പാർലമെന്റ്

മണിപ്പൂർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ബാഹ്യ ഇടപെലുകൾ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു

Update: 2023-07-13 08:08 GMT
Advertising

സ്ട്രാസ്ബർഗ്: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യൂറോപ്യൻ പാർലമെന്റ്. സ്ട്രാസ്ബർഗിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് ആവശ്യമുയർന്നത്. മണിപ്പൂർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ബാഹ്യശക്തികളുടെ ഇടപെലുകൾ ആവശ്യമില്ലെന്നും ചർച്ചയ്ക്ക് മുന്നോടിയായി ഇന്ത്യ വ്യക്തമാക്കിയിരുന്നു.

മണിപ്പൂർ വിഷയം ഇന്ത്യ അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്നും വിഷയത്തിൽ എത്രയും പെട്ടെന്ന് നടപടിയുണ്ടാവണമെന്നും പാർലമെന്റ് ആവശ്യപ്പെട്ടു. "ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം രാജ്യത്ത് ഹനിക്കപ്പെട്ടു, നിരവധി മാധ്യമപ്രവർത്തകർ അറസ്റ്റിലായി. മനുഷ്യർ തമ്മിലുള്ള വേർതിരിവും വെറുപ്പും അധികരിച്ചു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിലാവണം നമ്മുടെ ലക്ഷ്യം. അന്താരാഷ്ട്ര തലത്തിൽ പരസ്പര സഹകരണം ഇതിനാവശ്യമാണ്. ഇതിനായി സുതാര്യമായ ഇടപെടലുകൾ നടത്തുന്നതിന് ഇന്ത്യ അവസരമൊരുക്കണം". പാർലമെന്റ് വിലയിരുത്തി.

ആറ് പാർലമെന്ററി ഗ്രൂപ്പുകൾ ചേർന്നാണ് മണിപ്പൂർ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിന് അപേക്ഷ സമർപ്പിച്ചത്. ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടന്ന സെഷനിൽ മണിപ്പൂർ ചർച്ചാവിഷയമാവുകയായിരുന്നു. 'ഇന്ത്യ, ദി മണിപ്പൂർ സിറ്റ്വേഷൻ' എന്നതായിരുന്നു ചർച്ച. 21 മിനിറ്റ് ദൈർഘ്യമേറിയ ചർച്ചയിൽ മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങൾ, വ്യക്തിസ്വാതന്ത്ര്യ ലംഘനം, ഇന്ത്യയിലെ ജനാധിപത്യം എന്നിവയൊക്കെ ചർച്ചയായി.

ആൽബർ ആൻഡ് ഗെയ്ഗർ എന്ന ഏജൻസി മുഖേന ചർച്ച മാറ്റി വയ്ക്കുന്നതിന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇന്ത്യ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിൽ ഇന്ത്യയ്ക്കുള്ള എതിർപ്പ് പാർലമെന്റ് അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മണിപ്പൂർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുമായിരുന്നു വിഷയത്തിൽ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വത്രയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നതിന് മുന്നോടിയായാണ് മണിപ്പൂർ വിഷയം പാർലമെന്റ് ചർച്ചയ്‌ക്കെടുത്തത്. ബാസ്റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയാണ് മോദി. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ബഹിരാകാശം എന്നിവയടക്കം സുപ്രധാന മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി മോദി ചർച്ച നടത്തും.

മണിപ്പൂർ സംഘർഷത്തിൽ ജൂലൈ 4 വരെ 142 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കലാപവുമായി ബന്ധപ്പെട്ട് 181 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 6745 പേർ കരുതൽ തടങ്കലിലാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News