പെഗാസസ്: പാർലമെന്ററി സമിതി യോഗം ബിജെപി തടസപ്പെടുത്തിയെന്ന് ശശി തരൂർ

പെഗാസസുമായി ബന്ധപ്പെട്ട് സമിതിയിൽ വിശദീകരണം നൽകേണ്ടിയിരുന്ന ഉദ്യോഗസ്ഥർക്ക് യോഗത്തിൽ പങ്കെടുക്കാതിരിക്കാൻ നിർദേശം ലഭിച്ചു. യോഗത്തിൽ പങ്കെടുത്തിട്ടും പത്ത് ബിജെപി അംഗങ്ങൾ രജിസ്റ്ററിൽ ഒപ്പുവച്ചില്ലെന്നും തരൂർ ആരോപിച്ചു

Update: 2021-08-08 14:36 GMT
Editor : Shaheer | By : Web Desk

പെഗാസസ് ഫോൺ ചോർത്തൽ വിവാദം ചർച്ചയാകാതിരിക്കാൻ ഐ.ടി പാർലമെന്ററി സമിതി യോഗം ബിജെപി അംഗങ്ങൾ അലങ്കോലപ്പെടുത്തിയെന്ന് ശശി തരൂർ എംപി. ജൂലൈ 28ന് നടന്ന യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥരെ ബിജെപി തടഞ്ഞെന്നും പാർലമെന്ററി സമിതി ചെയർമാൻ കൂടിയായ ശശി തരൂർ ആരോപിച്ചു.

പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ കേന്ദ്ര സർക്കാരിനെതിരെ ആരോപണമുന്നയിച്ചത്. പെഗാസസുമായി ബന്ധപ്പെട്ട് സമിതിക്കുമുൻപാകെ വിശദീകരിക്കേണ്ടിയിരുന്ന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് യോഗത്തിൽ പങ്കെടുക്കാതിരിക്കാൻ നിർദേശം ലഭിച്ചതായാണ് തരൂർ ആരോപിക്കുന്നത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തരൂർ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തെഴുതിയിട്ടുണ്ട്.

Advertising
Advertising

പൗരന്മാരുടെ വിവരസുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ മാസം 28ന് പാർലമെന്ററി സമിതിയുടെ യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് ഇലക്ട്രോണിക്‌സ്, ഐടി, ആഭ്യന്തര, കമ്മ്യൂണിക്കേഷൻസ് മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. എന്നാൽ, യോഗം നിശ്ചയിച്ചതുപോലെ നടന്നില്ല. യോഗത്തിൽ പങ്കെടുത്ത പത്ത് ബിജെപി അംഗങ്ങൾ രജിസ്റ്ററിൽ ഒപ്പുവച്ചില്ല. ക്വാറം തികയാതിരിക്കാനായിരുന്നു ഇതെന്ന് തരൂർ ആരോപിച്ചു.

പെഗാസസ് വിവാദം ഐടി സമിതിയുടെ കീഴിൽ വരുന്നതാണ്. അതുകൊണ്ടു തന്നെ വിഷയം യോഗത്തിൽ ചർച്ചയാകുമ്പോൾ ബിജെപി അംഗങ്ങളും ഉദ്യോഗസ്ഥരും ചോദ്യം നേരിടേണ്ടിവരുമെന്നത് വ്യക്തമാണ്. കൃത്യമായ അജണ്ടയോടെ ആരംഭിച്ച സമിതി യോഗത്തിൽ പെഗാസസ് ചർച്ചയാകാതിരിക്കാൻ ബിജെപി അംഗങ്ങൾ ഇടപെട്ടത് രഹസ്യമല്ലെന്നും തരൂർ വ്യക്തമാക്കി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News