25 കോടിയ്ക്ക് പെഗാസസ് സ്‌പൈവെയർ നൽകാമെന്ന് പറഞ്ഞു, പക്ഷേ നിരാകരിച്ചു: മമതാ ബാനർജി

ഇസ്രായേലീ സൈബർ ഇൻറലിജൻറ്‌സ് കമ്പനിയായ എൻഎസ്ഒയാണ് ഇവരെ സമീപിച്ചിരുന്നത്

Update: 2022-03-17 14:41 GMT
Advertising

25 കോടി നൽകിയാൽ ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് കൈമാറാമെന്ന് പറഞ്ഞുവെങ്കിലും തന്റെ സർക്കാർ നിരാകരിച്ചുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഷ്ട്രീയ എതിരാളികളുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നത് സ്വീകാര്യമല്ലാത്തതിനാലാണ് കുറച്ചു വർഷങ്ങൾക്ക് മുമ്പ് ലഭിച്ച ഓഫർ തള്ളിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

'അഞ്ചു കൊല്ലം മുമ്പ് അവരുടെ മെഷീനുകൾ വിൽക്കാനായി ഞങ്ങളുടെ പൊലീസ് ഡിപ്പാർട്ട്‌മെൻറിൽ വന്നു. ഇവ കൈമാറുന്നതിന് 25 കോടി ആവശ്യപ്പെട്ടു. തുടർന്ന് കാര്യം എന്റെയടുത്ത് എത്തി. ഇത്തരം മെഷീനുകൾ നമുക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു' മമത വെളിപ്പെടുത്തി.


ഇവയുടെ ഉപയോഗം രാജ്യവിരുദ്ധകാര്യങ്ങൾക്കും സുരക്ഷക്കും വേണ്ടിയായിരുന്നെങ്കിൽ മറ്റൊരു കാര്യമാകുമായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ കാരണങ്ങളാലാണ് ഉപയോഗിക്കപ്പെട്ടതെന്നും അവർ പറഞ്ഞു. ഉദ്യോഗസ്ഥർക്കും ന്യായാധിപർക്കുമെതിരെ സ്‌പൈവെയർ ഉപയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. ഇസ്രായേലീ സൈബർ ഇൻറലിജൻറ്‌സ് കമ്പനിയായ എൻഎസ്ഒയാണ് ഇവരെ സമീപിച്ചിരുന്നത്.

കഴിഞ്ഞ ദിവസം തന്റെ ഫോൺ ചോർത്തപ്പെടുന്നുണ്ടെന്ന് മമത ആരോപിച്ചിരുന്നു. തന്റെ സർക്കാറിന് ലഭിച്ചിട്ടും വാങ്ങാതിരുന്ന പെഗാസസ് പല ബിജെപി സർക്കാറുകളും വാങ്ങിയെന്നും അവർ ആരോപിച്ചിരുന്നു. 2016 മമത അധികാരത്തിൽ വന്ന ശേഷം പെഗാസസ് ഉപയോഗിച്ചിരുന്നുവെന്ന് ബിജെപി നേതാവ് അനിർബൻ ഗാംഗുലി ആരോപിച്ചിരുന്നു. ഈ ആരോപണമുയർന്ന് ദിവസങ്ങൾക്ക് ശേഷമാണ് മമതയുടെ വെളിപ്പെടുത്തൽ.

ദി വയർ അടക്കമുള്ള മീഡിയ കൺസോർഷ്യം ഇന്ത്യയിൽ നിന്നുള്ള 300 പേരുടെ ഫോണുകൾ ഗവൺമെൻറുകൾക്ക് മാത്രം ലഭിക്കുന്ന പെഗാസസ് വഴി ചോർത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിപക്ഷത്തെ നേതാവായിരുന്ന രാഹുൽഗാന്ധിയടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയെന്നാണ് എൻഎസ്ഒയുടെ വിവരശേഖരണത്തിൽ നിന്ന് പുറത്തുവന്ന രേഖകൾ പ്രകാരം ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്. നിലവിൽ സുപ്രിംകോടതി പെഗാസസുമായി ബന്ധപ്പെട്ട നിരവധി ഹരജികൾ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പെഗാസസ് ഉപയോഗിച്ചെന്ന ആരോപണം സർക്കാർ ശക്തമായി നിഷേധിക്കുകയാണ്.

ഇസ്രായേൽ ചാര സോഫ്റ്റ്വെയർ പെഗാസസിനെ ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തിയിരുന്നു. 13,000 കോടി രൂപക്ക് പെഗാസസും മിസൈൽ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോഴാണ് കരാറിൽ ഒപ്പുവെച്ചതെന്നും ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ എക്സ്പ്രസാണ് ന്യൂയോർക്ക് ടൈംസിനെ ഉദ്ധരിച്ച് വാർത്ത നൽകിയത്.


2017 ൽ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു.ആയുധങ്ങൾ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയർ വാങ്ങിയത്. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിനു പിന്നാലെയാണിത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേൽ പ്രസിഡന്റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ ഹോളണ്ടും ഹംഗറിയും ഈ ചാര സോഫ്റ്റ് വെയർ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ പെഗാസസ് അതിവ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സൗദിയിൽ വധിക്കപ്പെട്ട മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി ഉൾപ്പടെയുള്ളവരുടെ ഫോണുകൾ പെഗാസസ് ചാരവൃത്തിക്കിരയാക്കി. ദി വയർ ഉൾപ്പടെയുള്ള മാധ്യമങ്ങൾ ഇന്ത്യയിൽ ചാരവൃത്തി നടന്നിട്ടുണ്ടെന്ന് 2021 ൽ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല.

പെഗാസസ് കേസന്വേഷണത്തിനായി സുപ്രീം കോടതിയുടെ മേൽ നോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. പൗരൻറെ സ്വകാര്യത മാനിച്ചുള്ള അന്വേഷണമായിരിക്കണമെന്നും കോടതി നിർദേശിച്ചതാണ്. പൗരൻറെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. അതേസമയം രാജ്യസുരക്ഷയും പ്രധാനമാണ്. അതുകൊണ്ട് സത്യാവസ്ഥ പുറത്ത് വരണം. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. റിട്ട.ജഡ്ജി ആർ.വി രവീന്ദ്രനാണ് സമിതിയുടെ അധ്യക്ഷൻ. മൂന്ന് സാങ്കേതിക അംഗങ്ങളും സമിതിയിലുണ്ട് .മുൻ ഐ.പി.എസ് ഓഫീസർ, സാങ്കേതിക വിദഗ്ധനായ സുദീപ് ഒബ്രോയി, ഡോ.നവീൻ കുമാർ ചൗധരി,ഡോ.അശ്വിൻ അനിൽ ഗുമസ്തെ എന്നിവരും സമിതിയിലുണ്ട്. 2019 മുതലുള്ള മുഴുവൻ വിവരങ്ങളും സമിതിക്ക് കൈമാറാനും കോടതി നിർദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരിമിത വിവരങ്ങളാണ് സുപ്രിം കോടതിക്ക് ലഭിച്ചിട്ടുള്ളത്. ദേശസുരക്ഷയെന്ന ആശങ്ക ഉയർത്തി ഭരണകൂടത്തിന് രക്ഷപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.


എന്നാൽ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് കേന്ദ്ര മന്ത്രി വി. മുരളീധരൻ തള്ളിയിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ച മന്ത്രി കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ട് ചെയ്തവരാണ് ന്യൂയോർക്ക് ടൈംസ് എന്നും വി. മുരളീധരൻ പറഞ്ഞു.

പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ യെ കരിമ്പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയിരുന്നു. അമേരിക്കയുടെ വാണിജ്യ വിഭാഗമാണ് എൻ.എസ്.ഒ, കാണ്ടിരു തുടങ്ങിയ ഇസ്രായേൽ ചാര സോഫ്റ്റ്വെയർ കമ്പനികളെ വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സർക്കാർ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ തുടങ്ങിയവരിൽ ചാരവൃത്തി നടത്താൻ വിദേശ സർക്കാരുകൾക്ക് സോഫ്റ്റ്വെയർ വില്പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. റഷ്യയിലെ പോസിറ്റീവ് ടെക്നോളജീസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടർ സെക്യൂരിറ്റി ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കരിമ്പട്ടികയിൽ ഉൾപെടുത്തിയതോടെ ഈ കമ്പനിയിലേക്കുള്ള അമേരിക്കയിൽനിന്നുള്ള കയറ്റുമതി നിയന്ത്രിക്കപ്പെടും. ഏകാധിപത്യ ഭരണകൂടങ്ങൾക്ക് ഹാക്കിങ് ഉപകരണങ്ങൾ വിൽക്കുന്നതിന് പേരുകേട്ട കമ്പനികളാണ് എൻ.എസ്.ഒയും കാണ്ടിരുവും. എന്നാൽ തങ്ങൾ നിയമ പാലന, രഹസ്യാന്വേഷണ ഏജൻസികൾക്ക് മാത്രമാണ് തങ്ങളുടെ ഉത്പന്നങ്ങൾ വിളിക്കുന്നതെന്ന് എൻ.എസ്.ഒ പറയുന്നു.

വാർത്തയോട് പ്രതികരിക്കാൻ എൻ.എസ്.ഒ വക്താവ് തയ്യാറായില്ലെന്ന് വാർത്ത ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് റഷ്യൻ കമ്പനിയെ ബൈഡൻ ഭരണകൂടം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ആരോപണങ്ങൾ കമ്പനി നിഷേധിച്ചു.

Pegasus spyware offered for Rs 25 crore, but refuses: Mamata Banerjee

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News