രാത്രി മുഴുവന്‍ തെരച്ചില്‍; കാപ്പിത്തോട്ടത്തിൽ കുടുങ്ങിയ കുഞ്ഞിനെ കണ്ടെത്തിയത് വളർത്തുനായ
നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
മംഗളൂരു: കാപ്പിത്തോട്ടത്തില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിനെ വളർത്തുനായ കണ്ടെത്തി. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തില്‍, കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം.
ശാരി ഗണപതിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ജോലി ചെയ്യുന്ന സുനിലിന്റെയും നാഗിനിയുടെയും മകളെയാണ് 'ഓറിയോ' എന്ന വളര്‍ത്തുനായ രക്ഷിച്ചത്.
മാതാപിതാക്കളും നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു കിടക്കുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് 'ഓറിയോ' മണംപിടിച്ചെത്തുകയായിരുന്നു.
മറ്റുകുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. രാത്രിയായതോടെ അമ്മ പേടിക്കുകയും ചെയ്തു. പിന്നാലെ ഗ്രാമീണരും വനപാലകരും ചേർന്ന് അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് വളർത്തുനായ്ക്കളെ ഇറക്കിയത്.
കാണാതായ കുഞ്ഞ് ഉപയോഗിച്ച ഉടുപ്പിന്റെ മണം പിടിച്ചാണ് നായ്ക്കള്‍ തെരച്ചിലിനിറങ്ങിയത്.
അനിൽ കലപ്പ എന്നയാളുടെ 'ഓറിയോ' വളർത്തുനായ് ഒടുവിൽ ലക്ഷ്യത്തിലെത്തി. 14 മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തുന്നത്. തോട്ടത്തിൽ കഴിഞ്ഞതിന്റെ ക്ഷീണവും പരിഭ്രമവുമല്ലാതെ കുട്ടിയുടെ ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.