തെലുഗു വാര്‍ത്താവതാരക സ്വേച്ച വോട്ടാർക്കർ വീട്ടിൽ മരിച്ച നിലയിൽ

വെള്ളിയാഴ്ച രാത്രി ചിക്കഡ്പള്ളിയിലെ ജവഹർനഗറിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2025-06-28 10:55 GMT
Editor : Jaisy Thomas | By : Web Desk

ഹൈദരാബാദ്: പ്രശസ്ത തെലുഗു ടെലിവിഷൻ വാർത്താ ചാനൽ അവതാരകയും കവയത്രിയുമായ സ്വേച്ച വോട്ടാർക്കറെ (40) സ്വവസതിയിൽ  മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ചിക്കഡ്പള്ളിയിലെ ജവഹർനഗറിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് രാത്രി 9.30ന് അയൽക്കാര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് ചിക്കഡ്പള്ളി ഇൻസ്പെക്ടര്‍ രാജു നായിക് പറഞ്ഞു. സ്വേച്ചയുടെ വീട്ടിലെത്തിയപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുടുംബ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. "ഇതുവരെ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്വേച്ചയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംശയാസ്പദമായ മരണത്തിന് കേസെടുത്തു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി," അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.

Advertising
Advertising

2014ൽ സ്വേച്ച ഭര്‍ത്താവ് ക്രാന്തി കിരണുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷം രാമനഗറിലുള്ള മാതാപിതാക്കളോടൊപ്പമാണ് സ്വേച്ച താമസിച്ചിരുന്നത്. "കഴിഞ്ഞ നാല് വർഷമായി, ജവഹർ നഗറിലെ ഷീലം റെസിഡൻസിയിലെ ഒരു അപ്പാര്‍ട്ട്മെന്‍റിൽ 13 വയസ്സുള്ള മകളോടൊപ്പം സ്വേച്ച ഒറ്റയ്ക്ക് താമസിച്ചിരുന്നു. അതേ വീട്ടിൽ പൂർണചന്ദ്രൻ എന്ന മറ്റൊരാളുമായി അവർ ലിവ്-ഇൻ ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു," പൊലീസ് പറഞ്ഞു.

ടിവി9 ഉൾപ്പെടെ വിവിധ തെലുഗു ടെലിവിഷൻ ചാനലുകളിൽ വാർത്താ അവതാരകയായി പ്രവർത്തിച്ചിരുന്ന സ്വേച്ച, തെലങ്കാന പ്രസ്ഥാനത്തിലും വളരെ സജീവമായിരുന്നു. നിരവധി കവിതകളും എഴുതിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി, ഭാരത് രാഷ്ട്ര സമിതി പ്രസിഡന്‍റ് കെ. ചന്ദ്രശേഖർ റാവുവിന്‍റെ കുടുംബത്തിന്‍റെ ടി-ന്യൂസ് ടെലിവിഷൻ ചാനലിൽ അവർ ജോലി ചെയ്തു വരികയായിരുന്നു. അടുത്തിടെ നടന്ന ജേണലിസ്റ്റ്സ് ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വേച്ചയുടെ മരണത്തിൽ കെസിആര്‍ അനുശോചനം രേഖപ്പെടുത്തി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News