'കേരളത്തിലെ ചായക്കടക്കാരനാണത്, ട്രോളുകൾ കണ്ടത് ഏത് ചായക്കടക്കാരനെയാണ്?'; പ്രകാശ് രാജിന്റെ മറുപടി

നേരത്തേ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം.

Update: 2023-08-21 15:45 GMT

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പ്രകാശ്‍ രാജ്. തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്നാണ് പ്രകാശ് രാജ് എക്സിലൂടെ വിശദീകരിക്കുന്നത്. കേരളത്തിലെ ചായവില്പനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകൾ ഏത് ചായ വില്പനക്കാരനെയാണ് കണ്ടതെന്നും അദ്ദേഹം ചോദിച്ചു.

നേരത്തേ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം. "വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. ആംസ്ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവില്പനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകൾ ഏത് ചായ വില്പനക്കാരനെയാണ് കണ്ടത്"- പ്രകാശ് രാജ് കുറിച്ചു. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ്ടാഗാണ് അദ്ദേഹം കുറിപ്പിന് നൽകിയിരിക്കുന്നത്.  

Advertising
Advertising

'വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം' എന്ന തലക്കെട്ടോടെ നടൻ ട്വീറ്റ് ചെയ്ത ചായ വില്പനക്കാരന്റെ ചിത്രമായിരുന്നു വിമർശനങ്ങൾക്കിടയാക്കിയത്. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്നായിരുന്നു സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം. ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയാണ് നടൻ പരിഹസിച്ചതെന്നാണ് ചിലരുടെ കമന്‍റ്.

ചന്ദ്രയാൻ 3 ഇന്ത്യയുടെ അഭിമാനമാണെന്നും അന്ധമായ വിദ്വേഷത്തിനുള്ള ഉപകരണമല്ലെന്നും ചിലർ ട്വീറ്റ് ചെയ്തു. മോദിയോടും ബി.ജെ.പിയോടുള്ളമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ ഐഎസ്ആർഒയെ പരിഹസിക്കരുതെന്നും ഇത് ബിജെപിയുടെ മിഷനല്ലെന്നും ചിലർ ഓർമിച്ചു. അതേസമയം, ചിലർ പ്രകാശ് രാജിനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News