'രാഷ്ട്ര നിർമാണത്തിന് ഒരു 2000 രൂപ'; ബിജെപിക്കായി സംഭാവന ചോദിച്ച് മോദി

ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊതുജനങ്ങളിൽ നിന്ന് ബിജെപി ഫണ്ട് തേടുന്നത്

Update: 2024-03-03 13:04 GMT
Advertising

ന്യൂഡൽഹി: ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരം രൂപ സംഭാവന നൽകിയ രസിത് ഉൾപ്പടെ എക്‌സിൽ പോസ്റ്റ് ചെയ്താണ് അഭ്യർഥന നടത്തിയത്. 'വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന് ശക്തിപകരാൻ ബിജെപിക്ക് സംഭാവന നൽകിയതിൽ എനിക്കേറെ സന്തോഷം. നമോ ആപ്പ് വഴി ദേശനിർമിതിക്കായി സംഭാവന നൽകാൻ ഞാൻ എല്ലാവരോടും ആവശ്യപ്പെടുന്നു' രസീതിക്കൊപ്പം മോദി എക്‌സിൽ കുറിച്ചു. ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഫണ്ട് പിരിവ്. ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ മാസം സുപ്രിംകോടതി വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതായിരുന്നു വിധി. ഇതിനെ തുടർന്നാണ് ഇപ്പോൾ പൊതുജനങ്ങളിൽ നിന്ന് ബിജെപി ഫണ്ട് തേടുന്നത്.

ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ പണം ലഭിച്ച രാഷ്ട്രീയപ്പാർട്ടി ഭരണകക്ഷിയായ ബിജെപിയായിരുന്നു. 2017 മുതൽ 2023 വരെ 6566.12 കോടി രൂപയാണ് ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചത്. ബോണ്ട് അവതരിപ്പിച്ച 2017-18 വർഷത്തിൽ 210 കോടി രൂപയാണ് ഈയിനത്തിൽ ലഭിച്ചത്. ആ വർഷം കോൺഗ്രസിനും (അഞ്ചു കോടി) ജെഡിഎസിനും (6.3 കോടി) മാത്രമാണ് ബിജെപിക്ക് പുറമേ ബോണ്ട് ഫണ്ട് ലഭിച്ചത്. ആ വർഷം വന്ന 221.03 കോടിയിൽ 210 കോടി രൂപയും ബിജെപി അക്കൗണ്ടിലേക്കായിരുന്നു എന്നതാണ് ശ്രദ്ധേയം.

 

195 സ്ഥാനാർത്ഥികളുമായി ബിജെപിയുടെ ആദ്യ പട്ടിക ഇന്നലെ പുറത്തുവന്നിരുന്നു. ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പല നേതാക്കളും അസംതൃപ്തരാണ്. അടുത്ത ഘട്ട പട്ടികയിൽ ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മീനാക്ഷി ലേഖി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ. ശേഷിക്കുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ നിർണായക യോഗങ്ങളും ബി.ജെ.പിയിൽ ആരംഭിച്ചു. 34 കേന്ദ്രമന്ത്രിമാരെ മത്സര രംഗത്ത് ഇറക്കുന്ന ബി.ജെ.പി, മീനാക്ഷി ലേഖി ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ചും എൻ.ഡി.എക്ക് ഉള്ളിൽ ചർച്ചകൾ തുടരുകയാണ്. ഈ മാസം 10ന് ഉള്ളിൽ 50% സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് ബി.ജെ.പി ശ്രമം.

ആദ്യ സ്ഥാനാർഥി പട്ടികയിൽ നിരവധി ബി.ജെ.പി നേതാക്കൾ തഴയപ്പെട്ടിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ ആരോപണത്തിന് വിധേയനായ ബ്രിജ്ഭൂഷൺ ഉൾപ്പെടെയുള്ളവരുടെ സീറ്റുകൾ സംബന്ധിച്ച് ബി.ജെ.പി ഒരു വ്യക്തത നൽകിയിട്ടില്ല. പട്ടികയിലെ കുറയുന്ന മുസ്‌ലിം പ്രാതിനിധ്യവും ചർച്ചയായിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ 28 പേർ സ്ത്രീകളും 47 പേർ യുവാക്കളുമാണ്. പട്ടികയിലെ 51 പേർ ഉത്തർപ്രദേശിൽ നിന്നും 20 പേർ പശ്ചിമ ബംഗാളിൽ നിന്നും ഉള്ളവരാണ്. മധ്യപ്രദേശിലെ 24 സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്.


Full View

Prime Minister Narendra Modi seeks donations for BJP.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News