'നിന്നെ ഞാൻ കൊല്ലും'; വഴി മാറാത്തതിന് ഒന്‍പതാം ക്ലാസുകാരിയെ വലിച്ചിഴച്ച് പ്രിൻസിപ്പൽ, വീഡിയോ

വിദ്യാര്‍ഥിനി തന്‍റെ സുഹൃത്തിനൊപ്പം ക്ലാസ് മുറിക്ക് പുറത്തുനിൽക്കുമ്പോൾ പ്രിൻസിപ്പൽ വീണ ശര്‍മ അവിടെയെത്തി

Update: 2025-11-22 07:16 GMT
Editor : Jaisy Thomas | By : Web Desk

ഹാപൂർ: ഒന്‍പതാം ക്ലാസുകാരിക്ക് നേരെ സ്കൂൾ പ്രിൻസിപ്പലിന്‍റെ കൊലവിളി. ഉത്തര്‍പ്രദേശ് ഹാപൂര്‍ ജില്ലയിലുള്ള പിൽഖുവ വിഐപി ഇന്‍റര്‍ കോളജിലാണ് സംഭവം.വിദ്യാര്‍ഥിനിയെ പ്രിൻസിപ്പാൾ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ രക്ഷിതാക്കളിലും പ്രദേശവാസികളിലും രോഷമുണ്ടാക്കിയിരിക്കുകയാണ്.

വിദ്യാര്‍ഥിനി തന്‍റെ സുഹൃത്തിനൊപ്പം ക്ലാസ് മുറിക്ക് പുറത്തുനിൽക്കുമ്പോൾ പ്രിൻസിപ്പൽ വീണ ശര്‍മ അവിടെയെത്തി. പെൺകുട്ടിയോട് അവിടെ നിന്നു മാറാൻ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനി പെട്ടെന്ന് പ്രതികരിക്കാത്തതിനാൽ പ്രിൻസിപ്പൽ ദേഷ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് വീണ വിദ്യാര്‍ഥിനിയുടെ മുടിയിൽ പിടിച്ചു വലിക്കുകയും വലിച്ചിഴക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് ടിവി 9 റിപ്പോര്‍ട്ട് ചെയ്യുന്നു. 'നിന്നെ ഞാൻ കൊല്ലും' എന്ന് പ്രിൻസിപ്പൽ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

Advertising
Advertising

പ്രിൻസിപ്പലിന്‍റെ പെരുമാറ്റം അസ്വീകാര്യമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി രക്ഷിതാക്കൾ രംഗത്തെത്തി. മറ്റ് വിദ്യാർഥികളിൽ നിന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീടാണ് വീഡിയോ ലഭിക്കുന്നത്. മകൾ പേടിച്ചിരിക്കുകയാണെന്നും സ്കൂളിലേക്ക് പോകാൻ മടിയാണെന്നും പ്രിൻസിപ്പലിന്‍റെ ഭീഷണി കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നും കുടുംബം പറയുന്നു. കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പിൽഖുവ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. എന്താണ് യഥാര്‍ഥത്തിൽ സംഭവിച്ചതെന്ന് പരിശോധിക്കും. സ്കൂൾ ജീവനക്കാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രോഷം പ്രകടിപ്പിച്ചു. വിദ്യാർഥികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്കിനെ പലരും എടുത്തുകാണിച്ചു. "അധ്യാപകർ കുട്ടികൾക്ക് മാതൃകകളാണ്, അതുകൊണ്ടാണ് അവരെ ഗുരുക്കന്മാർ എന്ന് വിളിക്കുന്നത്. അവർ വിദ്യാർഥികളെ മൂല്യങ്ങളും അച്ചടക്കവും കൊണ്ട് നയിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ഇന്ന് ആളുകൾക്ക് പെട്ടെന്ന് ദേഷ്യം വരും, ക്ഷമയ്ക്കും വസ്തുതകൾക്കും ശാന്തതയ്ക്കും അർത്ഥമില്ലെന്ന് തോന്നുന്നു." ഒരു ഉപയോക്താവ് കുറിച്ചു. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്നും ഇന്നത്തെ കാലത്ത് അധ്യാപകർക്കും വിദ്യാർഥികൾക്കും കൗൺസിലിംഗ് അത്യാവശ്യമാണെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News