Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡൽഹി: എൻഡിഎയുടേത് വംശീയ രാഷ്ട്രീയമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ കുടുംബത്തിന്റെ പൈതൃകത്തെ ചോദ്യം ചെയ്യുന്നവർക്ക് രാജ്യത്തിന് വേണ്ടി അവർ സഹിച്ച ത്യാഗങ്ങൾ മനസ്സിലാകുകയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ന്യൂയോർക്കിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർ സൊഹ് റാൻ മംദാനി വിജയിച്ചതിന് ശേഷമുള്ള പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
'ന്യൂയോർക്കിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച മംദാനിയുടെ പ്രസംഗത്തിൽ നെഹ്റുവിനെ ഉദ്ധരിച്ചിരിക്കുന്നു. ലോകമൊന്നടങ്കം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെ വാഴ്ത്തുമ്പോൾ സ്വന്തം രാജ്യം ഇപ്പോഴും അദ്ദേഹത്തെ അപമാനിക്കുകയാണ്.' പ്രിയങ്ക പറഞ്ഞു.
ബിഹാറിലെ വെസ്റ്റ് ചമ്പാരനിലെ പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
'നിങ്ങളെ സേവിക്കണമെന്ന ആഗ്രഹം മാത്രമേ ഞങ്ങൾക്കുള്ളൂ, രാജ്യത്തിന്റെ സമ്പത്ത് ഇവിടുത്തെ ജനങ്ങളാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്വാതന്ത്രത്തിന് വേണ്ടി ഞങ്ങളുടെ പൂർവികർ പോരാട്ടം നടത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി നമ്മുടെ പിതാക്കന്മാർ ജീവൻ വരെ നൽകുകയുണ്ടായി.' പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
'നിങ്ങളീ ചവിട്ടിനിൽക്കുന്ന മണ്ണ് ഞങ്ങളുടെ രക്തത്തിൽ കുതിർന്നതാണ്. ഇതൊന്നും, വംശീയ രാഷ്ട്രീയത്തിനായി അലമുറയിടുന്നവർക്ക് മനസ്സിലാക്കാനാവില്ല.' നെഹ്റുവിനെ അപമാനിച്ചതിരെ വിമർശനമുന്നയിക്കാനും പ്രിയങ്ക മറന്നില്ല.
'ദിവസം മുഴുവൻ നെഹ്റുവിനെ എങ്ങനെയെല്ലാം അധിക്ഷേപിക്കാമെന്നാണ് ബിജെപി ആലോചിക്കുന്നത്. രാജ്യത്തിന്റെ മോശം അവസ്ഥകൾക്കെല്ലാം അദ്ദേഹമാണ് കാരണക്കാരനെന്നാണ് ഇവരുടെ ആരോപണം. എന്നാൽ, നെഹ്റുവിന്റെ സ്മരണകൾ ഇന്ന് അമേരിക്കയിലെ പ്രധാനപ്പെട്ട നഗരത്തിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച ഒരാൾ ഓർത്തെടുത്തിരിക്കുകയാണ്. ലോകമൊന്നടങ്കം നെഹ്റുവിന്റെ സ്മരണകളെ ചേർത്തുവെക്കുമ്പോൾ നമ്മുടെ രാജ്യത്ത് മാത്രം ഒരു കൂട്ടർ അദ്ദേഹത്തെ കരിവാരിത്തേക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.' പ്രിയങ്ക കൂട്ടിച്ചേർത്തു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം ബാക്കിനിൽക്കെയാണ് പ്രിയങ്കയുടെ പരാമർശം. നവംബർ 11ന് രണ്ടാംഘട്ടം നടക്കും, നവംബർ 14ന് ഫലം പ്രഖ്യാപിക്കും.