Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡല്‍ഹി: ശൈത്യകാല സമ്മേളനത്തിന്റെ മുന്നോടിയായി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് എം.പി പ്രിയങ്കാഗാന്ധി. ജനാധിപത്യപരമായ വിഷയങ്ങളാണ് പാര്‍ലമെന്റിനകത്ത് സംസാരിക്കുന്നതെന്നും നാടകം കളിക്കുകയല്ലെന്നും പ്രിയങ്ക പറഞ്ഞു. സഭ ചേരുന്നതിന് തൊട്ടുമുമ്പായി മാധ്യമങ്ങളെ കാണുകയായിരുന്നു ഇവര്‍.
'അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ് എല്ലാം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എസ്‌ഐആര്‍ പ്രക്രിയകള്‍, വായുമലിനീകരണം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളാണ് എല്ലാം. അതെല്ലാം ചര്‍ച്ച ചെയ്യാനുള്ള ഇടം തന്നെയല്ലേ പാര്‍ലമെന്റ്. ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് എങ്ങനെയാണ് നാടകമാകുക? സംസാരിക്കാന്‍ അനുവദിക്കാത്തതാണ് യഥാര്‍ഥത്തില്‍ നാടകം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സംസാരിക്കാനുള്ള അവസരം തടഞ്ഞുവെക്കുന്നതാണ് യഥാര്‍ഥത്തില്‍ നാടകം'. പ്രിയങ്ക പറഞ്ഞു.
നേരത്തെ, നാടകം കളിക്കാനുള്ള സ്ഥലമല്ല സഭയെന്നും ബിഹാറിലെ പരാജയത്തിന്റെ നിരാശയില്‍ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.
എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ രണ്ടുതവണ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആര്‍ വിഷയം ഉയര്‍ത്തി. മുന്‍ ഉപ രാഷ്ട്രപതി ജഗദീപ് ധന്‍ഖഡിന് യാത്രയയപ്പ് പോലും നല്‍കാന്‍ സാധിച്ചില്ലെന്നും അധ്യക്ഷന്‍ ഭരണ- പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസും പ്രതിപക്ഷവും മുന്‍ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. ബിഹാറിലെ പരാജയത്തില്‍ പ്രതിപക്ഷം അവശതയിലാണന്ന് ജെ.പി നഡ്ഡയും പരിഹസിച്ചു. ആണവോര്‍ജ ബില്ലടക്കം 13 ബില്ലുകള്‍ ആണ് ശീതകാല സമ്മേളനത്തില്‍ വരിക.
.