'കേന്ദ്രം പ്രവർത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാർലമെന്റിലെ കന്നി പ്രസംഗത്തിൽ ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്ക

ഇവിടെ ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടത്, സംഘ്പരിവാർ ഭരണഘടനയല്ല- പ്രിയങ്ക പറഞ്ഞു.

Update: 2024-12-13 10:34 GMT

ന്യൂഡൽഹി: പാർലമെന്റിലെ കന്നിപ്രസം​ഗത്തിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ച് വയനാട് എംപി പ്രിയങ്കാ ​ഗാന്ധി. ബിജെപി പ്രതിപക്ഷ സർക്കാരുകളെ തകർക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ‌കന്നിപ്രസംഗമായിരുന്നെങ്കിലും പരിചയസമ്പന്നയെ പോലെയാണ് പ്രിയങ്ക സംസാരിച്ചത്. ഭരണഘടനയുടെ 75ാം വാർഷികവുമായി ബന്ധപ്പെട്ട പ്രസംഗത്തിൽ രാജ്യത്തെ ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ പ്രിയങ്ക ചൂണ്ടിക്കാട്ടി.

ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണ് രാജ്യത്തുടനീളം നടക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഹാഥ്‌റസിലും ഉന്നാവിലും മണിപ്പൂരിലുമൊന്നും ഭരണഘടന നടപ്പായില്ല. ഉന്നാവിലടക്കം പോയതിലൂടെയുണ്ടായ ജീവിതാനുഭവങ്ങൾ കൂടി ചേർത്തായിരുന്നു പ്രിയങ്കയുടെ പ്രസംഗം. പ്രതിപക്ഷ സർക്കാരിനെയും നേതാക്കളേയും വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു. രാജ്യത്ത് ഒരു ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.

Advertising
Advertising

ഇവിടെ ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടത്, സംഘ്പരിവാർ ഭരണഘടനയല്ല. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി 14 ദിവസമായിട്ടും ഇതുവരെ പത്ത് മിനിറ്റ് പോലും മോദി സഭയിൽ ചെലവഴിക്കാൻ തയാറായില്ല എന്നുപറഞ്ഞ് പ്രധാനമന്ത്രിക്കെതിരെയും പ്രിയങ്ക ആഞ്ഞടിച്ചു. യുപിയടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനപ്രശ്‌നങ്ങളും പ്രിയങ്ക ചൂണ്ടിക്കാട്ടി.

വയനാട്ടിലെ ദുരന്തസാഹചര്യവും പ്രിയങ്കാ ഗാന്ധി ലോക്സഭയിൽ വിവരിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ അമ്മയുടെ ജീവൻ രക്ഷിക്കാൻ പൊരുതിയ 17കാരനെ കുറിച്ചാണ് പ്രിയങ്ക സംസാരിച്ചത്. 17കാരൻ അമ്മയെ രക്ഷിക്കാൻ വെള്ളപ്പാച്ചിലിൽ പിടിച്ചുകിടന്ന കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക സംസാരിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News