'ബലാത്സംഗം ഹീനമായ കുറ്റകൃത്യം': കോണ്‍ഗ്രസ് എംഎല്‍എയെ ശാസിച്ച് പ്രിയങ്ക ഗാന്ധി
'എങ്ങനെയാണ് അത്തരം വാക്കുകൾ ഉച്ചരിക്കാനാകുന്നത്? ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല'
കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കെ ആര്‍ രമേഷ് കുമാര്‍ എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തിയത്. 'ബലാത്സംഗം തടുക്കാനാവാത്ത സാഹചര്യമാണെങ്കില്‍ ആസ്വദിക്കുക' എന്നായിരുന്നു കർണാടക നിയമസഭയില്‍ എംഎല്‍എ പറഞ്ഞത്. ഒരിക്കലും ന്യായീകരിക്കാനാവാത്ത പരാമര്‍ശം എന്നാണ് പ്രിയങ്കയുടെ പ്രതികരണം.
'ശ്രീ കെ ആർ രമേഷ് കുമാർ നടത്തിയ പ്രസ്താവനയെ അപലപിക്കുന്നു. എങ്ങനെയാണ് അത്തരം വാക്കുകൾ ഉച്ചരിക്കാനാകുന്നത്? ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ബലാത്സംഗം ഹീനമായ കുറ്റകൃത്യമാണ്'- എന്നാണ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്.
സഭയെ നിയന്ത്രിക്കാന്‍ കഷ്ടപ്പെടുന്നുവെന്ന് സ്പീക്കര്‍ വിശ്വേശര ഹെഡ്‌ഗേ കഗേരി പറഞ്ഞപ്പോഴാണ് കെ ആര്‍ രമേശ് വിവാദ പരാമര്‍ശം നടത്തിയത്- 'ബലാത്സംഗം ഒഴിവാക്കാനാകാതെ വരുമ്പോള്‍ കിടന്ന് ആസ്വദിക്കൂ എന്നു പറയാറുണ്ട്. അതാണ് നിങ്ങള്‍ ഇരിക്കുന്ന സ്ഥാനം'. പ്രസ്താവനയെ അപലപിക്കുന്നതിനു പകരം സ്പീക്കറുൾപ്പെടെ സഭയിലെ മറ്റ് അംഗങ്ങൾ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. സംഭവം വിവാദമായതോടെ എംഎല്‍എ ക്ഷമാപണം നടത്തി.
''നിയമസഭയില്‍ ബലാത്സംഗം എന്ന വിഷയത്തില്‍ ഞാൻ നടത്തിയ ഉദാസീനവും അശ്രദ്ധവുമായ പ്രസ്താവനയില്‍ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ക്രൂരമായ ഒരു കുറ്റകൃത്യത്തെ നിസാരമാക്കിയതല്ല. ഒന്നും ചിന്തിക്കാതെയാണ് ഞാനത് പറഞ്ഞത്. ഇനി ഞാന്‍ വാക്കുകള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കും''- രമേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.