പ്രധാനമന്ത്രിയുടെ വാഹനമാണെന്നറിഞ്ഞില്ല, പൊലീസിന്റെ തന്ത്രമാണെന്ന് കരുതി: പഞ്ചാബിലെ പ്രതിഷേധകർ

പ്രധാനമന്ത്രിക്ക് വേണ്ടി ഹെലിപ്പാട് നിർമിച്ചിരിക്കേ, റോഡ്മാർഗം അദ്ദേഹം എത്തില്ലെന്ന് കരുതിയതായും അവർ വ്യക്തമാക്കി

Update: 2022-01-06 14:43 GMT
Advertising

തങ്ങൾ തടയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനമാണെന്നറിഞ്ഞില്ലെന്നും അവരിലാരെങ്കിലും വന്നു പറഞ്ഞിരുന്നെങ്കിൽ മാറികൊടുക്കുമായിരുന്നുവെന്നും പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ സംഭവത്തിലെ പ്രതിഷേധകർ. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അതുവഴി വരുമെന്ന് കരുതിയില്ലെന്നും കർഷക പ്രതിഷേധകർ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനമാണ് കുടുങ്ങിക്കിടക്കുന്നതെന്ന് പൊലീസ് പറഞ്ഞത് തങ്ങൾ റോഡിൽ തടസ്സം സൃഷ്ടിച്ചത് ഒഴിവാക്കാൻ വേണ്ടിയാണെന്നു വിചാരിച്ചെന്നും പ്രതിഷേധകരിലൊരാളായ ബൽദേവ് സിറ പറഞ്ഞു. പ്രധാനമന്ത്രിക്ക് വേണ്ടി ഹെലിപ്പാട് നിർമിച്ചിരിക്കേ, റോഡ്മാർഗം അദ്ദേഹം എത്തില്ലെന്ന് കരുതിയതായും അവർ വ്യക്തമാക്കി.

അതേസമയം, സംഭവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചെന്നി കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുമായി സംസാരിച്ചു. സംഭവം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടന്ന കൊലപാതക ശ്രമമെന്ന മട്ടിലാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്. സംസ്ഥാന പൊലീസിന്റെ സഹായത്തോടെ നടന്നതാണിതെന്നും അവർ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നുമാണ് ആക്ഷേപം. എന്നാൽ പ്രധാനമന്ത്രിയുടെ ഷെഡ്യൂളിൽ പെട്ടെന്നുണ്ടായ മാറ്റത്തെയാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. ഈ മാറ്റം സംസ്ഥാന പൊലീസിന്റെ അറിവില്ലാതെയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ച പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാ വീഴ്ച സംഭവിച്ചതിനെ തുടർന്ന് റാലിയടക്കമുള്ള പരിപാടികൾ ഉപേക്ഷിച്ചിരുന്നു. സുരക്ഷ വീഴ്ച അന്വേഷിക്കാൻ ഉന്നതല സമിതി രൂപീകരിച്ചിരിക്കുകയാണ്. അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും പഞ്ചാബ് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. റിട്ട. ജഡ്ജി മെഹ്താബ് സിങ് ഗിൽ, ആഭ്യന്തര സെക്രട്ടറി, ജസ്റ്റിസ് അനുരാഗ് വർമ എന്നിവരാണ് അന്വേഷണസമിതിയിലുള്ളത്. സുരക്ഷാ വീഴ്ച യിൽ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ഹരജി നൽകിയിരുന്നു. കേസ് നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

കർഷക പ്രതിഷേധകർ റോഡ് തടഞ്ഞതോടെ 20 മിനിറ്റോളം മോദിയുടെ വാഹനവ്യൂഹം മേൽപാലത്തിൽ കുടുങ്ങുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതനുസരിച്ച് അവർ ആവശ്യമായ സുരക്ഷയും ക്രമീകരണങ്ങളും നടത്തിയില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറിക്കിയ പ്രസ്താവനയിൽ പറയുന്നു. മോദിയുടെ സന്ദർശന വേളയിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുന്നതിനെ കുറിച്ച് ഇന്റലിജൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും പഞ്ചാബ് പൊലീസ് സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഫിറോസ്പൂർ ജില്ലയിലെ ഹുസൈനിവാലയിൽ സ്ഥിതി ചെയ്യുന്ന ദേശീയ രക്തസാക്ഷി മെമ്മോറിയലിലായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ബതിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി റോഡ് മാർഗമാണ് ഇവിടേക്ക് യാത്ര തിരിച്ചത്. മെമ്മോറിയലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. സമരത്തിനിടെ മരിച്ച കർഷകരുടെ ഓരോ കുടുംബത്തിനും ഒരുകോടി രൂപവീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കർഷകരെ മോചിപ്പിക്കുക, ലഖിംപുർ സംഭവത്തിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം. ഫിറോസ്പൂർ ജില്ലയിൽ പതിനായിരത്തോളം സുരക്ഷാഭടന്മാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പഞ്ചാബിലെത്തുന്ന മോദി 42,750 കോടിയുടെ പദ്ധതികൾക്കായിരുന്നു തറക്കല്ലിടേണ്ടിയിരുന്നത്.

വിവാദ കൃഷി നിയമങ്ങൾ പിൻവലിച്ച ശേഷം പഞ്ചാബിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. കിസാൻ മസ്ദൂർ സംഘർഷ് സമിതി, ക്രാന്തികാരി കിസാൻ യൂണിയൻ, ആസാദ് കിസാൻ കമ്മിറ്റി ദോബ, ജയ് കിസാൻ ആന്ദോളൻ, ബി.കെ.യു.സിദ്ധുപുർ, കിസാൻ സംഘർഷ് കമ്മിറ്റി (കോട്ബുധ), ലോക് ഭലായ് വെൽഫെയർ സൊസൈറ്റി, ബി.കെ.യു. ക്രാന്തികാരി, ദസൂയ കമ്മിറ്റി എന്നീ കർഷകസംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. തെരഞ്ഞെടുപ്പിൽ പരാജയം മുമ്പിൽക്കണ്ടാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്തുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ആരോപിച്ചു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഛരൺജിത് ഛന്നി പ്രതികരിച്ചത്. യാത്ര റോഡ് മാർഗമാക്കിയത് അവസാന നിമിഷമാണ്. ഹെലികോപ്ടറിൽ പോകാനായിരുന്നു ആദ്യത്തെ പദ്ധതി. റാലിയുടെ സുരക്ഷാ ക്രമീകരണങ്ങൾ കഴിഞ്ഞ രാത്രിയും താൻ വിശലകനം ചെയ്തിരുന്നു. എഴുപതിനായിരം കസേരകളാണ് ഒരുക്കിയിരുന്നത്. എന്നാൽ ഏഴായിരം പേർ മാത്രമേ വന്നുള്ളൂ- അദ്ദേഹം പറഞ്ഞു.

Protesters in Punjab say they did not know they are blocking Prime Minister Narendra Modi's vehicle

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News