'അറസ്റ്റ് ചെയ്യുംവരെ സമരം': ബ്രിജ് ഭൂഷണെതിരെ സുപ്രിംകോടതിയെ സമീപിച്ച് ഗുസ്തി താരങ്ങള്‍

ബി.ജെ.പി നേതാവായതുകൊണ്ട് കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നുവെന്ന് താരങ്ങൾ ആരോപിച്ചു

Update: 2023-04-24 17:58 GMT
Advertising

ഡല്‍ഹി: പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷന്‍ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു. പരാതിയുമായി താരങ്ങൾ സുപ്രിംകോടതിയെ സമീപിച്ചു. അതിനിടെ ഗുസ്തി ഫെഡറേഷൻ നിർവാഹക സമിതി തെരഞ്ഞെടുപ്പ് നടത്താൻ താൽക്കാലിക സമിതി രൂപീകരിക്കാൻ ഒളിംപിക് അസോസിയേഷന് കേന്ദ്ര സർക്കാർ നിർദേശം നൽകി. 

ബ്രിജ് ഭൂഷണെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. പീഡന പരാതിയിൽ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് താരങ്ങള്‍ പറഞ്ഞു. ബി.ജെ.പി നേതാവായതുകൊണ്ട് കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നുവെന്ന് താരങ്ങൾ ആരോപിച്ചു. കേന്ദ്ര സർക്കാർ, മേൽനോട്ട സമിതി, പൊലീസ് എന്നിവിടങ്ങളിൽ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് സുപ്രിംകോടതിയെ സമീപിച്ചത്. ബ്രിജ് ഭൂഷണെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.

പരാതി പരിശോധിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിനെതിരെയും താരങ്ങൾ രംഗത്ത് വന്നു. റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങളിൽ ലൈംഗിക പീഡന പരാമർശമില്ലെന്ന് താരങ്ങൾ കുറ്റപ്പെടുത്തി. താൽക്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളിൽ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നിർദേശം നൽകി.

പ്രതിഷേധിക്കുന്ന താരങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ്, ആം ആദ്മി അടക്കമുള്ള പാർട്ടികൾ രംഗത്ത് വന്നു. താരങ്ങളുടെ പീഡന പരാതിയിൽ എന്തുകൊണ്ട് നടപടി ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News