ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി

ഏഴ് ദിവസത്തിനുള്ളിൽ പൂജ നടത്താൻ അവസരമൊരുക്കണമെന്നാണ് കോടതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2024-01-31 12:19 GMT

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജില്‍ പൂജ നടത്താന്‍ അനുമതി നല്‍കി വാരണാസി ജില്ലാ കോടതി. ഏഴ് ദിവസത്തിനുള്ളില്‍ പൂജ നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി. പൂജയ്ക്ക് അനുമതി തേടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്.

ഗ്യാന്‍വാപി മസ്ജിദിന് താഴെ നാല് നിലവറകളാണുള്ളത്. ഇതില്‍ ഒരെണ്ണം വ്യാസ് കുടുംബത്തിന്റെ അധീനതയിലാണെന്നും പരമ്പരാഗതമായി ഇവിടെ പൂജ നടന്ന് വന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്. പൂജ നടത്താനുള്ള ആവശ്യം അംഗീകരിച്ച കോടതി ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

Advertising
Advertising

പൂജനടത്താന്‍ ഹിന്ദുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനായി ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേക്കായി സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഈ നിലവറ സീല്‍ ചെയ്തിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളില്‍ പൂജ ആരംഭിക്കുമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.

എന്നാല്‍, ജില്ലാ കോടതി ഉത്തരവിനെതിരെ അല്ഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് ഗ്യാന്‍വാപി മസ്ജിദ് കമ്മറ്റിയുടെ തീരുമാനം. കോടതി ഉത്തരവോടെ ഗ്യാൻവാപിയിൽ പൂജക്കുള്ള അവകാശം ലഭ്യമായെന്ന് ഹിന്ദു വിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ ഗ്യാൻവാപി മസ്ജിദ് വുദുഖാനയിലെ ശിവലിംഗം എന്ന് അവകാശപ്പെടുന്ന ഭാഗത്തിന്റെ കാലപ്പഴക്കം നിർണയിക്കുന്നതിന് സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരായ നാല് വനിതകൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

വുദുഖാന ഒഴികെയുള്ള ഭാഗങ്ങളിൽ കോടതി നിർദേശപ്രകാരം നടത്തിയ സർവേ റിപ്പോർട്ട് നേരത്തേ എ.എസ്.ഐ ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് കോടതികൾ നൽകാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. 17-ാം നൂറ്റാണ്ടിൽ നിർമിച്ച ഗ്യാൻവാപി പള്ളിയുടെ അടിയിൽ വലിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്നാണ് എ.എസ്.ഐ റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പിന്നാലെയാണ് കോടതി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച വുദൂഖാന കൂടി സർവേയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹരജിക്കാർ സുപ്രിംകോടതിയിലെത്തിയത്. നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന വുദുഖാനയിലെ ജലധാരയാണ് ശിവലിംഗമെന്ന് അവകാശപ്പെടുന്നതെന്നാണ് മുസ്‌ലിം വിഭാഗത്തിന്റെ വാദം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News