'പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയെ ദുർബലപ്പെടുത്തും'; ഡി.കെ ശിവകുമാറിനെതിരെ പി.വി മോഹൻ

'വിട്ടുവീഴ്ചയ്ക്കുള്ള പ്രതിബദ്ധതയല്ല, ബോധ്യത്തോടുള്ള പ്രതിബദ്ധതയാണ് പാർട്ടിയുടെ പുരോഗതിക്കും വളർച്ചയ്ക്കും നിർണായകം'

Update: 2025-02-27 09:43 GMT
Editor : സനു ഹദീബ | By : Web Desk

ബെംഗളൂരു: കർണാടക കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിരെ വിമർശനവുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിവി മോഹൻ. കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷനിലെ മഹാശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച ഡികെയുടെ സാമൂഹ്യ മാധ്യമ പോസ്റ്റിനോട് പ്രതികരിച്ച് കൊണ്ടായിരുന്നു വിമർശനം. ഡികെയുടെ ഇത്തരം നടപടികൾ പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയെ ദുർബലപ്പെടുത്തുമെന്ന് പിവി മോഹൻ വിമർശിച്ചു.

ഇന്നലെയും ഇന്നുമായാണ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരിലെ ആശ്രമമായ ഇഷ ഫൗണ്ടേഷനില്‍ ശിവരാത്രി ദിനാഘോഷങ്ങൾ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡികെ ശിവകുമാറുമാണ് ചടങ്ങിലെ മുഖ്യാതിഥികൾ. ആഘോഷപരിപാടികളിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സദ്ഗുരുവിന്റെ കത്ത് ഡികെ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സദ്ഗുരുവിന് നന്ദി അറിയിച്ച പോസ്റ്റിൽ, ആത്മീയ സമ്മേളനത്തിന്റെ ഭാഗമാകാൻ കാത്തിരിക്കുകയാണെന്നും ഡികെ കുറിച്ചിരുന്നു. പിന്നാലെയാണ് വിമർശനവുമായി പിവി മോഹൻ രംഗത്ത് വന്നത്.കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും കടുത്ത വിമർശകനാണ് സദ്ഗുരു.

Advertising
Advertising

Full View

"ഒരു മതേതര പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിലും, ഒരു മതേതര സർക്കാരിന്റെ ഉപമുഖ്യമന്ത്രി എന്ന നിലയിലും, രാജ്യത്തിന്റെ പ്രതീക്ഷയുടെ പ്രതീകമായ നമ്മുടെ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിക്കുകയും ആർ‌എസ്‌എസിന്റെ വീക്ഷണങ്ങളുമായി ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഒരാൾക്ക് പരസ്യമായി നന്ദി പറയുക എന്നത് പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകുന്ന പ്രവർത്തിയാണ്. വിട്ടുവീഴ്ചയ്ക്കുള്ള പ്രതിബദ്ധതയല്ല, ബോധ്യത്തോടുള്ള പ്രതിബദ്ധതയാണ് പാർട്ടിയുടെ പുരോഗതിക്കും വളർച്ചയ്ക്കും നിർണായകം. ഇത് അവഗണിക്കുന്നത് പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയെ ദുർബലപ്പെടുത്തും.

ആർ‌എസ്‌എസ് പശ്ചാത്തലമുള്ള നിരവധി വ്യക്തികൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത് ആശങ്കാജനകമാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവരിൽ ഒരാളാണ്. നമ്മുടെ പാർട്ടി പ്രസിഡന്റ് വേദി അങ്ങനെ ഒരു പങ്കിടുകയും അമിത് ഷായോടൊപ്പം രാത്രി മുഴുവൻ ചെലവഴിക്കുകയും ചെയ്യുന്നത് മനസിലാക്കാൻ പ്രയാസമാണ്. ഇത് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നു," പിവി മോഹൻ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ ഡികെ ശിവകുമാറും മകളും കുംഭമേളക്ക് എത്തിയതും ഗംഗയിൽ സ്നാനം ചെയ്തതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കർണാടക സ്വദേശിയാണ് പിവി മോഹൻ. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റാണ്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News