ഫാമിലി എമർജൻസി; മൂന്നാം ടെസ്റ്റിൽ നിന്ന് ആർ. അശ്വിൻ പിൻമാറി

രാജ്‌കോട്ട് ടെസ്റ്റിൽ ആർ അശ്വിൻ 500 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു

Update: 2024-02-16 19:00 GMT
Advertising

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ പിൻമാറി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് പിൻമാറ്റം. അശ്വിൻ അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങി. ബിസിസിഐ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിലെ എമർജൻസിയാണ് താരം മടങ്ങാൻ കാരണമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. അശ്വിനും കുടുംബത്തിനും ടീം പൂർണ പിന്തുണ നൽകുന്നുവെന്നും ബിസിസിഐ പറഞ്ഞു.

രാജ്കോട്ട് ടെസ്റ്റിൽ ആർ അശ്വിൻ 500 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. അനിൽ കുംബ്ലെക്ക് ശേഷമാണ് മറ്റൊരു ഇന്ത്യക്കാരൻ 500 വിക്കറ്റ് ക്ലബിൽ എത്തുന്നത്. ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ സാക് ക്രാലിയുടെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് വെറ്ററൻ സ്പിന്നർ ക്രിക്കറ്റ് കരിയറിലെ സ്വപ്ന നേട്ടം കൈവരിച്ചത്.

കുറഞ്ഞ ടെസ്റ്റിൽ നിന്ന്(98) 500 ലെത്തുന്ന രണ്ടാമത് ബൗളറുമായി അശ്വിൻ. 87 മത്സരങ്ങളിൽ നിന്ന് നേട്ടം കൈവരിച്ച ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരനാണ് മുന്നിലുള്ളത്. കുറഞ്ഞ പന്തിൽ നിന്ന് 500ലെത്തിയ രണ്ടാമത് താരവുമായി. 25714മത് പന്തിൽ നിന്നാണ് 37 കാരൻ ഇത്രയും വിക്കറ്റ് വീഴ്ത്തിയത്. 25528 പന്തിൽ അഞ്ഞൂറിലെലെത്തിയ ഗ്ലെൻ മഗ്രാത്താണ് മുന്നിൽ.

അതേസമയം, ഇന്ത്യയുടെ 445 റൺസ് ഒന്നാം ഇന്നിങ്സ് സ്‌കോർ പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കാണ് ലഭിച്ചത്. 35 ഓവറിൽ 207-2 എന്ന നിലയിലാണ് ടീം. ഓപ്പണർ ബെൻ ഡക്കറ്റ് സെഞ്ച്വറിയുമായി ബാറ്റിങ് തുടരുകയാണ്. സാക് ക്രാവ്‌ലി, ഒല്ലി പോപ്പ് എന്നിവരാണ് പുറത്തായത്.


Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News