യുദ്ധം അവസാനിപ്പിച്ചത് താനെന്ന് ട്രംപ്; 73 ദിവസത്തിനിടയിൽ 25-ാം തവണയാണ് ഈ വാദം ഉന്നയിക്കുന്നതെന്ന് കോൺഗ്രസ്

ട്രംപിന്‍റെ അവകാശവാദങ്ങളെ ഖണ്ഡിക്കാൻ വിസമ്മതിച്ച നരേന്ദ്ര മോദി സർക്കാരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും വിമര്‍ശനം ഉന്നയിച്ചു

Update: 2025-07-23 10:31 GMT

ഡൽഹി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെ ചോദ്യം ചെയ്ത് കോൺഗ്രസ്. എന്തുകൊണ്ടാണ് ഈ വാദം ഇടയ്ക്കിടെ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു.

ട്രംപിന്‍റെ അവകാശവാദങ്ങളെ ഖണ്ഡിക്കാൻ വിസമ്മതിച്ച നരേന്ദ്ര മോദി സർക്കാരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും വിമര്‍ശനം ഉന്നയിച്ചു. 73 ദിവസത്തിനടയിൽ ഇരുപത്തഞ്ചാം തവണയാണ് ട്രംപ് ഈ വാദം ഉന്നയിക്കുന്നതെന്നും അവകാശവാദത്തിന്‍റെ സിൽവർ ജൂബിലിയാണ് ഇതെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി പഹൽഗാം ആക്രമണത്തെപ്പറ്റി വിശദമായി തുറന്നു പറയാത്തതാണ് ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഉണ്ടാവാൻ കാരണം. ഇന്ത്യയുടെ സുരക്ഷയെ സംബന്ധിച്ച ഇത്ര വലിയ സൈനിക നടപടിയെപ്പറ്റി ഇന്ത്യ വ്യക്തത വരുത്താത്തത് എന്തുകൊണ്ടാണെന്നും ജയറാം രമേശ് ചോദിച്ചു. മറ്റ് രാജ്യങ്ങളുമായി കരാറുണ്ടാക്കാൻ പോകുമ്പോൾ സ്വന്തം രാജ്യത്തെ നീതിന്യായം പ്രധാനമന്ത്രി കാത്തുസൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertising
Advertising

വൈറ്റ്ഹൗസിൽ റിപ്പബ്ലിക്കൻ സെനറ്റർമാർക്കു നൽകിയ വിരുന്നിനിടെയായിരുന്ന ട്രംപ് ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവര്‍ത്തിച്ചത്. ആണവരാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടൽ തുടങ്ങി 5 വിമാനങ്ങൾ വെടിവച്ചിട്ട് സംഘർഷം തീവ്രമായപ്പോൾ, വ്യാപാരം നിർത്തുമെന്നു മുന്നറിയിപ്പു നൽകി താൻ അവരെ വെടിനിർത്തലിനു പ്രേരിപ്പിച്ചെന്നുമാണ് ട്രംപ് പറഞ്ഞത്.

പഹൽഗാമിലെ ഭീകരാക്രമണം, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം എന്നിവയുൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ പ്രധാനമന്ത്രി ഇരുസഭകളെയും രാജ്യത്തെയും അഭിസംബോധന ചെയ്യണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടുവരികയാണ്. ട്രംപിന്‍റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്ക് പ്രധാനമന്ത്രി മോദി മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നേരത്തെയും ഈ വിഷയത്തിൽ രാഹുൽ ഗാന്ധി മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. ട്രംപ് ഫോണില്‍ വിളിച്ച് 'നരേന്ദ്രാ, സറണ്ടര്‍' എന്ന് പറഞ്ഞെന്നായിരുന്നു രാഹുലിന്‍റെ പരിഹാസം. 'ട്രംപ് ഒരു ചെറിയ സൂചന നല്‍കി മോദിക്ക്. അദ്ദേഹം ഫോണ്‍ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, 'മോദി ജീ, താങ്കള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.' മറുപടിയായി, 'ശരി സര്‍' എന്നുപറഞ്ഞ് നരേന്ദ്ര മോദി ട്രംപ് നല്‍കിയ സൂചന അനുസരിച്ചു,' രാഹുല്‍ ഗാന്ധി പരിഹസിച്ചു. 1971ലെ യുദ്ധത്തിന്‍റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ പരിഹാസം.

ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിച്ചത് യുഎസിന്‍റെ ഇടപെടലിലൂടെയാണെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്‍റെ വാദം. ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് എക്സിലൂടെ അറിയിക്കുകയായിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായത്. സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദിയെന്നും ട്രംപ് എക്സിൽ കുറിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News