സൈൻ ബോർഡുകളിൽ മറാത്തിയില്ല; കടകൾ അടിച്ചുതകർത്ത് മഹാരാഷ്ട്ര നവനിർമാൺ സേനാ പ്രവർത്തകർ

സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

Update: 2023-12-02 16:30 GMT
Advertising

മുംബൈ: സൈൻ ബോർഡുകളിൽ മറാത്തി ഇല്ലെന്നാരോപിച്ച് കടകൾ അടിച്ചുതകർത്ത് രാജ് താക്കറെയുടെ പാർട്ടിയായ മഹാരാഷ്ട്ര നവനിർമാൺ സേനാ (എംഎൻഎസ്) പ്രവർത്തകർ. പൂനെയിലെ ജംഗലി മഹാരാജ് റോഡിലെ കടകളാണ് ഇവർ തകർക്കുകയും കല്ലെറിയുകയും ചെയ്തത്. സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

മറാത്തി ഭാഷയിൽ സൈൻ ബോർഡുകളില്ലാത്ത നഗരത്തിലെ എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൻഎസ് പൂനെ മുനിസിപ്പൽ കോർപ്പറേഷന് കത്ത് നൽകിയതിന് പിന്നാലെയാണ് കടകൾക്ക് നേരെ ആക്രമണമുണ്ടായത്. ഇത്തരം കടകൾക്കെതിരെ പൗരസമിതി നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് എംഎൻഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.

മഹാരാഷ്ട്ര ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം, സംസ്ഥാനത്തെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും മറാത്തി ഭാഷയിൽ സൈൻ ബോർഡുകൾ സ്ഥാപിക്കൽ നിർബന്ധമാണ്. മുംബൈയിലെ കടകളെ ഈ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഈ വർഷം സെപ്തംബറിൽ സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു.

കടകൾ തകർത്തതിന് കസ്റ്റഡിയിലെടുത്തവരിൽ എംഎൻഎസ് പൂനെ മേധാവി സായ്നാഥ് ബാബറും ഉൾപ്പെടുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സന്ദീപ് ഗിൽ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എംഎൻഎസ് പ്രവർത്തകർക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്നും ഗിൽ കൂട്ടിച്ചേർത്തു.

അതേസമയം, അധികൃതർ സമയോചിത നടപടി സ്വീകരിച്ചിരുന്നെങ്കിൽ പാർട്ടി പ്രവർത്തകർ സമരം തുടങ്ങുമായിരുന്നില്ലെന്ന് സായ്നാഥ് പറഞ്ഞു. സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നും സായ്നാഥ് പറഞ്ഞു. ഇത്തരം കടകൾക്കെതിരെ പാർട്ടി പ്രതിഷേധം ശക്തമാക്കുമെന്നും വെള്ളിയാഴ്ചത്തെ ആക്രമണം വെറും 'ട്രെയിലർ' മാത്രമാണെന്നും സായ്നാഥ് കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News