തന്റെ 'പ്രിയപ്പെട്ട നടൻ നരേന്ദ്രമോദി'യെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി; അത് ശരിയാണെന്ന് പ്രതിപ​ക്ഷം

'പ്രധാനമന്ത്രി മോദി ഒരു നല്ല നടനാണ്. ചിലപ്പോഴൊക്കെ അദ്ദേഹം ഓവർ ആക്ടിങ്ങും ആണെന്ന് തോന്നുന്നില്ലേ'- മുഖ്യമന്ത്രിയെ ടാ​ഗ് ചെയ്ത് കോൺ​ഗ്രസ് നേതാവ് പവൻ ഖേഡ എക്സിൽ കുറിച്ചു

Update: 2025-03-11 11:36 GMT

ജയ്പ്പൂർ: തന്റെ പ്രിയപ്പെട്ട നടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ. കഴിഞ്ഞദിവസം ജയ്പ്പൂരിലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പരാമർശം ആയുധമാക്കി പ്രതിപക്ഷകക്ഷികളായ കോൺ​ഗ്രസും ആം ആദ്മി പാർട്ടിയും രം​ഗത്തെത്തി.

'ആരാണ് താങ്കളുടെ പ്രിയപ്പെട്ട നടൻ' എന്നായിരുന്നു മാധ്യമപ്രവർത്തകരിൽ ഒരാളുടെ ചോദ്യം. 'നരേന്ദ്രമോദി ജി'- മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മറുപടി നൽകി. മുഖ്യമന്ത്രിയുടെ വാക്കുകൾ വൈറലായതോടെ പ്രതികരണവുമായി രാജസ്ഥാൻ കോൺ​ഗ്രസ് അധ്യക്ഷൻ ​ഗോവിന്ദ് സിങ് രം​ഗത്തെത്തി. ഇത് തന്നെയാണ് കുറേക്കാലമായി തങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

'കുറേക്കാലമായി ഞങ്ങളും ഇതുതന്നെയാണ് പറ‍ഞ്ഞുകൊണ്ടിരിക്കുന്നത്. മോദി ഒരു നേതാവല്ല, ഒരു നടൻ ആണ് എന്ന്. ഇപ്പോൾ മുഖ്യമന്ത്രിയും സംസ്ഥാന ബിജെപി സർക്കാരും പോലും മോദി ഒരു നേതാവല്ല, ഒരു നടൻ ആണെന്ന് പറയാൻ തുടങ്ങിയിരിക്കുന്നു. ഫോട്ടോഷൂട്ട്, വസ്ത്രങ്ങൾ, മയക്കുന്ന പ്രസംഗങ്ങൾ എന്നിവയിൽ അദ്ദേഹം വിദഗ്ധനാണ്'- ​ഗോവിന്ദ് സിങ് എക്സിൽ കുറിച്ചു.

'നിങ്ങൾ പറഞ്ഞത് ശരിയാണ് ഭജൻ ജി. പ്രധാനമന്ത്രി മോദി ഒരു നല്ല നടനാണ്. പക്ഷേ ചിലപ്പോഴൊക്കെ അദ്ദേഹം ഓവർ ആക്ടിങ്ങും ആണെന്ന് തോന്നുന്നില്ലേ'- മുഖ്യമന്ത്രിയെ ടാ​ഗ് ചെയ്ത് കോൺ​ഗ്രസ് നേതാവ് പവൻ ഖേഡ എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ വലിയ ഒരു നടൻ ഈ രാജ്യത്ത് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ടാകില്ലെന്നും ബിജെപിയുടെ മുഖ്യമന്ത്രിമാരും നേതാക്കളും തന്നെ വിശ്വസിക്കുന്നതായി ആം ആദ്മി പാർട്ടി തങ്ങളുടെ ഔദ്യോ​ഗിക എക്സ് ഹാൻഡിലിൽ കുറിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പരിഹാസം വ്യാപകമായതോടെ, അദ്ദേഹത്തെ പ്രതിരോധിച്ച് ബിജെപി വക്താവ് ലക്ഷ്മികാന്ത് ഭരദ്വാജ് രം​ഗത്തെത്തി. മുഖ്യമന്ത്രിയോട് ചോദിച്ചത് അദ്ദേഹത്തിന്റെ 'പ്രിയപ്പെട്ട ഹീറോയെ'ക്കുറിച്ചായിരുന്നെന്നും നടനെ കുറിച്ചായിരുന്നില്ലെന്നും ഭരദ്വാജ് അവകാശപ്പെട്ടു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News