മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് സംശയം; ആൺ സുഹൃത്തിനെ യുവതി കൊന്ന് കത്തിച്ചു

വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട് അയൽക്കാരാണ് രാകേഷിന്റെ സഹോദരൻ ശൈലേഷിനെ വിവരമറിയിച്ചത്. വീട്ടിലെത്തിയപ്പോൾ പാതി കത്തിക്കരിഞ്ഞ നിലയിലാണ് സഹോദരന്റെ മൃതദേഹം കണ്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

Update: 2022-05-08 12:57 GMT

രാജ്‌കോട്ട്: മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 49-കാരനെ ഒപ്പം താമസിച്ച യുവതി കൊന്ന് കത്തിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മാരുതി നഗർ സ്വദേശി രാകേഷ് അഥിയാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന ആശ ചൗഹാനാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ രാകേഷിന്റെ 17 വയസുകാരനായ മകനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേർ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം അധിയാരുവിനെ കത്തിക്കുകയായിരുന്നു എന്നാണ് ആശ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. അധിയാരുവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

Advertising
Advertising

15 വർഷം മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞശേഷം ആശയോടൊപ്പമായിരുന്നു രാകേഷ് താമസിച്ചിരുന്നത്. ഇവരുടെ വീടിന് തൊട്ടടുത്ത് രാകേഷിന്റെ ബന്ധുക്കളും താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ബന്ധുക്കളെല്ലാം സമീപത്തെ ആരാധനാലയത്തിലേക്ക് പോയ സമയത്താണ് യുവതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട് അയൽക്കാരാണ് രാകേഷിന്റെ സഹോദരൻ ശൈലേഷിനെ വിവരമറിയിച്ചത്. വീട്ടിലെത്തിയപ്പോൾ പാതി കത്തിക്കരിഞ്ഞ നിലയിലാണ് സഹോദരന്റെ മൃതദേഹം കണ്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആശയെ ചോദ്യം ചെയ്തത്. രാകേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് താൻ സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിന് കാരണമെന്നും ആശ പൊലീസിനോട് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News