'ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സി.പി രാധാകൃഷ്ണനെ പിന്തുണയ്ക്കണം': സ്റ്റാലിനെ വിളിച്ച്‌ രാജ്നാഥ് സിങ്

തമിഴ്‌നാട്ടിൽനിന്നൊരു സ്ഥാനാർഥിയെ കൊണ്ടുവരുന്നതിലൂടെ സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള ശ്രമംകൂടിയാണ് ബിജെപി നടത്തുന്നതെന്നാണ് വിലയിരുത്തൽ

Update: 2025-08-18 13:28 GMT
Editor : rishad | By : Web Desk

ചെന്നൈ: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി സി.പി രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട്  തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഫോണില്‍ വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.  

സെപ്തംബര്‍ ഒൻപതിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടുകാരന്‍ കൂടിയായ സി.പി.ആറിനെ (സി.പി രാധാകൃഷ്ണൻ) പിന്തുണക്കണമെന്നാണ് രാജ്നാഥ് സിങ്, സ്റ്റാലിനോട് ആവശ്യപ്പെട്ടത്. എന്നാൽ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാലിൻ യാതൊരു ഉറപ്പും നൽകിയിട്ടില്ല. ഫോൺ സംഭാഷണം വിജയിച്ചില്ലെങ്കിലും ഡിഎംകെയുടെയും സഖ്യകക്ഷികളുടെയും പിന്തുണ തേടാനുള്ള ശ്രമം, ബിജെപി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Advertising
Advertising

ജ​ഗ്‍ദീപ് ധൻഘഡിന്റെ പെട്ടെന്നുള്ള രാജിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്. അതേസമയം തമിഴ്‌നാട്ടിൽനിന്നൊരു സ്ഥാനാർഥിയെ കൊണ്ടുവരുന്നതിലൂടെ സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള ശ്രമംകൂടിയാണ് ബിജെപി നടത്തുന്നതെന്നാണ് വിലയിരുത്തൽ. ഡിഎംകെയുടെ ബിജെപി-ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയ നിലപാടുകൾക്കും തമിഴ് സ്വത്വബോധത്തിനുമിടയിൽ വെല്ലുവിളിയായിരിക്കുകയാണ് സിപിആറിന്റെ സ്ഥാനാർഥിത്വപ്രഖ്യാപനം.

കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയമുൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപിയെ തമിഴ് വിരുദ്ധരെന്ന് ഡിഎംകെ വിശേഷിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സിപിആറിനെ സ്ഥാനാര്‍ഥിയാക്കി ബിജെപി രംഗത്തെത്തുന്നത്.  സി.പി രാധാകൃഷ്ണനെ പിന്തുണയ്ക്കാതിരിക്കുന്നത് തമിഴ്നാട്ടിൽ ഡിഎംകെയുടെ നിലയെ ബാധിക്കുമോ എന്ന ചോദ്യവുമുണ്ട്. 

ഇനി തമിഴ് വികാരം ഉള്‍ക്കൊണ്ട് സിപിആറിനെ പിന്തുണച്ചാൽ അത് ഇന്‍ഡ്യ സഖ്യത്തിന്റെ സ്വീകാര്യതയേയും ബാധിക്കും. വോട്ട് കൊള്ളയില്‍ ഇന്‍ഡ്യ സഖ്യം കേന്ദ്രസര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമയംകൂടിയാണിത്. അണ്ണാ ഡ‍ിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി, ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാ​ഗേന്തിരൻ, മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ എന്നിവർ സിപിആര്‍  വികാരം മുതലാക്കാന്‍ രംഗത്തുണ്ട്. തമിഴ്നാട്ടിലെ എല്ലാ എംപിമാരും രാഷ്ട്രീയത്തിനതീതമായി സിപിആറിനെ പിന്തുണയ്ക്കണമെന്നും, കാരണം അദ്ദേഹം ഒരു തമ്ഴനാണെന്നും എടപ്പാടി പളനിസാമി പറഞ്ഞു.

‌അതേസമയം സ്റ്റാലിന്റെ ആരോ​ഗ്യവിവരങ്ങൾ അന്വേഷിക്കാനായി ഈ മാസം 11ന് സി.പി രാധാകൃഷ്ണൻ അദ്ദേഹത്തെ കാണാനെത്തിയതും വാർത്തയായിരുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News