രാമക്ഷേത്ര നിർമാണം രാമരാജ്യത്തിന്റെ തുടക്കമാകും-യോഗി ആദിത്യനാഥ്

രാമരാജ്യത്തിനു ശിലപാകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും യോഗി

Update: 2023-11-05 13:44 GMT
Editor : Shaheer | By : Web Desk

യോഗി ആദിത്യനാഥ്

Advertising

സുക്മ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം ഇന്ത്യയിൽ രാമരാജ്യത്തിന്റെ തുടക്കമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങളൊന്നുമില്ലാത്ത രാജ്യമാകുമതെന്നും യോഗി പറഞ്ഞു. ചത്തിസ്ഗഢിലെ കോന്റയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ബി.ജെ.പി നേതാവ്.

''അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയാകും. ശ്രീരാമന്റെ മാതൃദേശമെന്ന നിലയിൽ ചത്തിസ്ഗഢുകാർക്കായിരിക്കും ഇതിൽ യു.പിക്കാരെക്കാൾ സന്തോഷം. രാമക്ഷേത്രത്തിന്റെ നിർമാണം ഇവിടത്തെ രാമരാജ്യത്തിന്റെ പ്രഖ്യാപനമാകും.''യോഗി ആദിത്യനാഥ് പറഞ്ഞു.

രാമരാജ്യം എന്നാൽ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളില്ലാത്ത ഭരണം എന്നാണ് അർത്ഥമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവിടെ പദ്ധതികളുടെ ഗുണം ദരിദ്രരും ആദിവാസികളും ഉൾപ്പെടെ എല്ലാവരിലും എത്തും. എല്ലാവർക്കും സുരക്ഷയും സൗകര്യങ്ങളും ലഭിക്കും. അതാണു രാമരാജ്യമെന്നും യോഗി സൂചിപ്പിച്ചു.

രാമരാജ്യത്തിനു ശിലപാകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും യോഗി പറഞ്ഞു. പുരാതന കാലത്ത് ഉന്നതമായ ക്ഷേമഭരണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് രാമരാജ്യം. ദരിദ്രർക്ക് വീടും ശൗചാലയവും കുടിവെള്ളവും ആരോഗ്യ ഇൻഷുറൻസും ഉൾപ്പെടെയുള്ള പദ്ധതികൾ വഴി കേന്ദ്രത്തിലെ കഴിഞ്ഞ ഒൻപതര വർഷക്കാലത്തെ ഭരണത്തിലൂടെ മോദി അതിനു തുടക്കമിട്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ചത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനങ്ങളും അഴിച്ചുവിട്ടു യോഗി. ലൗ ജിഹാദ്, മതപരിവർത്തനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഇവിടത്തെ സർക്കാർ മൗനത്തിലാണ്. എല്ലാ അർത്ഥത്തിലും അത്തരം പ്രവർത്തനങ്ങൾക്കു പ്രചോദനം നൽകുകയാണു ചെയ്യുന്നത്. ഇതു ഭരണമല്ല, പ്രശ്‌നമാണ്. കോൺഗ്രസ് തന്നെ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഈ പ്രശ്‌നത്തെ എത്രയും വേഗം ഒഴിവാക്കി ചത്തിസ്ഗഢിന്റെ സ്വപ്‌നങ്ങൾക്കു കരുത്തുപകരണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Summary: Ram mandir construction in Ayodhya will be start of ‘Ram Rajya’: Uttar Pradesh Chief Minister Yogi Adityanath

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News