'ജാമ്യം കിട്ടിയിട്ട് തിരിച്ചുവരാം...'; ബലാത്സംഗക്കേസ് പ്രതിയായ ആം ആദ്മി പാർട്ടി എംഎൽഎ ആസ്ത്രേലിയയിലേക്ക് മുങ്ങി

കേസിൽ പാട്യാല പൊലീസ് ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Update: 2025-11-09 12:20 GMT

ഛണ്ഡീ​ഗഢ്: ബലാത്സം​ഗക്കേസ് പ്രതിയായ ആം ആദ്മി പാർട്ടി എംഎൽഎ ആസ്ത്രേലിയയിലേക്ക് കടന്നു. പഞ്ചാബിലെ സനൂർ എംഎൽഎ ഹർമീത് സിങ് പത്തൻമജ്രയാണ് രാജ്യം വിട്ടത്. സെപ്തംബർ രണ്ട് മുതൽ ഒളിവിലാണ് എംഎൽഎ. ഒളിവിലിരിക്കെ, ഒരു വീഡിയോ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പത്തൻമജ്ര ആസ്ത്രേലിയയിലേക്കാണ് കടന്നതെന്ന് വ്യക്തമായത്.

എംഎൽഎയെ പിടികൂടാനായി വിവിധയിടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. കേസിൽ പാട്യാല പൊലീസ് ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ്, ആസ്ത്രേലിയ ആസ്ഥാനമായ ഒരു പഞ്ചാബ് വെബ് ചാനലിലെ അഭിമുഖത്തിൽ എംഎൽഎ പ്രത്യക്ഷപ്പെട്ടത്. ജാമ്യം കിട്ടിയാൽ മാത്രമേ താൻ ഇന്ത്യയിലേക്ക് മടങ്ങിവരൂ എന്നായിരുന്നു അഭിമുഖത്തിൽ എംഎൽഎയുടെ പ്രതികരണം. തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച എംഎൽഎ, പഞ്ചാബിലെ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ നിശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാ​ഗമാണ് ​കേസെന്നും പറഞ്ഞു.

Advertising
Advertising

പാർട്ടി നേതൃത്വത്തിനെതിരെയും എംഎൽഎ രം​ഗത്തെത്തി. 'പഞ്ചാബിൽ മന്ത്രിമാരോടും എംഎൽഎമാരോടും പ്രധാന കാര്യങ്ങളിൽ കൂടിയാലോച നടത്തുന്നില്ല. സംസാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയാണ്. ഡൽഹിയിൽ തോറ്റതിന് ശേഷം, ആ നേതാക്കൾ ഇപ്പോൾ പഞ്ചാബ് പിടിച്ചെടുത്തു. അവർ അതേ രീതിയിൽ പഞ്ചാബിനെയും നശിപ്പിക്കുകയാണ്'- പത്തൻമജ്ര ആരോപിച്ചു.

ബലാത്സംഗ കേസിൽ പത്തൻമജ്ര ഹാജരാകാത്തതിനെ തുടർന്ന് പട്യാല കോടതി അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് ചെയ്യാനായി പ‍ഞ്ചാബ് പൊലീസ് കർണാലിലേക്ക് പോയതോടെയാണ് എംഎൽഎ രക്ഷപെട്ടത്.

അറസ്റ്റിനായി പൊലീസ് കർണാലിലെ ദാബ്രി ​ഗ്രാമത്തിലെത്തിയപ്പോൾ എംഎൽഎയുടെ അനുയായികൾ തങ്ങൾക്കു നേരെ വെടിയുതിർ‌ത്തെന്നും കല്ലേറ് നടത്തിയെന്നും പൊലീസ് ആരോപിച്ചു. ഈ സമയം എംഎൽഎ ബന്ധുവിന്റെ വീട്ടിലായിരുന്നു. എന്നാൽ വെടിവയ്പ്പിൽ പങ്കില്ലെന്ന് പത്തൻമജ്ര പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്ന് അറിഞ്ഞ ശേഷമാണ് താൻ ഓടിപ്പോയതെന്നും പത്തൻമജ്ര അവകാശപ്പെട്ടു.

സെപ്തംബർ ഒന്നിനാണ് സിവിൽ ലൈൻ പൊലീസ് പത്തൻമജ്രയ്ക്കെതിരെ ബലാത്സം​ഗം, വഞ്ചന, കുറ്റകരമായ ഭീഷണി എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. സിറാക്പൂർ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹമോചിതനെന്ന് തെറ്റിദ്ധരിപ്പിച്ച് താനുമായി ബന്ധത്തിലായെന്നും പിന്നീട് തന്നെ വഞ്ചിച്ച് 2021ൽ മറ്റൊരു വിവാഹം കഴിച്ചെന്നുമാണ് പരാതി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News