ഗോവയിലേക്ക് സമ്പന്ന സഞ്ചാരികൾ മതി, ലഹരി അടിമകളും ബസിൽ ഭക്ഷണമുണ്ടാക്കുന്നവരും വരേണ്ട: മന്ത്രി

ഒക്‌ടോബർ 15 മുതൽ ചാർട്ടേട് വിമാനത്തിലെത്തുന്ന വിദേശികൾക്ക് വിസ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ഗോവ

Update: 2021-10-20 13:28 GMT
Advertising

ഗോവയിലേക്ക് സമ്പന്നരായ സഞ്ചാരികൾ വന്നാൽ മതിയെന്നും ലഹരി ഉപയോഗിക്കുന്നവരും വന്ന് ബസിൽ ഭക്ഷണമുണ്ടാക്കുന്നവരും ഇങ്ങോട്ട് വരേണ്ടെന്നും ഗോവൻ ടൂറിസം മന്ത്രി മനോഹർ അജ്ഗാവങ്കർ. ലഹരി ഉപയോഗിച്ച് ഗോവയുടെ സൽപേര് നഷ്ടപ്പെടുത്തുന്നവർ വരേണ്ട. ഭക്ഷണം സ്വയം ഉണ്ടാക്കി പ്രദേശത്തിന് ഗുണമൊന്നും നൽകാത്ത സഞ്ചാരികളും വേണ്ട. നാടിന് വല്ല ഗുണവുമുണ്ടാകുന്ന സമ്പന്ന സഞ്ചാരികൾ മാത്രം മതി - മന്ത്രി പറഞ്ഞു. നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കുന്ന സഞ്ചാരികളെയെല്ലാം സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ പൂർണമായും ലഹരിക്കെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവ 2019 ജനുവരി 31ന് പൊതുസ്ഥലങ്ങളിൽ മദ്യപിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നതും മദ്യക്കുപ്പി പൊട്ടിക്കുന്നതും ക്രിമിനൽ കുറ്റമാക്കിയിരുന്നു. 2000 രൂപ ഫൈൻ ഈടാക്കുന്നതടക്കം ഉൾപ്പെടുത്തി വിനോദസഞ്ചാര നിയമം പരിഷ്‌കരിച്ചിരുന്നു.

ഒക്‌ടോബർ 15 മുതൽ ചാർട്ടേട് വിമാനത്തിലെത്തുന്ന വിദേശികൾക്ക് വിസ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ഗോവ. നവംബർ 15 മുതൽ എല്ലാ തരം വിമാനത്തിലെത്തുന്നവർക്കും രാജ്യം വിസ നൽകുന്നുണ്ട്. കോവിഡ് മൂലം കഴിഞ്ഞ വർഷമാണ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News