'ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തുന്ന പോളിങ് സ്‌റ്റേഷനുകൾക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം'; പ്രഖ്യാപനവുമായി ബി.ജെ.പി മന്ത്രി-വിവാദം

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സി.പി.എമ്മും കോൺഗ്രസും

Update: 2024-04-24 11:15 GMT
Editor : Lissy P | By : Web Desk
Advertising

ഗുവാഹത്തി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകൾക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ത്രിപുരയിലെ ബി.ജെ.പി മന്ത്രി രത്തൻ ലാൽ നാഥ് . കിഴക്കൻ ത്രിപുര ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ഖോവായ് നിയമസഭാ മണ്ഡലത്തിൽ 52 പോളിംഗ് ബൂത്തുകളാണുള്ളത്. ഈസ്റ്റ് ത്രിപുര സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നാണ് നടക്കുന്നത്. അഗർത്തല, മോഹൻപൂർ, അമർപൂർ, തെലിയമുറ, ഖോവായ് എന്നീ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾക്കാണ് പാരിതോഷികം നൽകുക.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മന്ത്രി പാരിതോഷികം നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തുന്ന ബൂത്തുകൾക്ക് രണ്ട് ലക്ഷം രൂപ ഞാൻ വ്യക്തിപരമായി നൽകുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ചതിയിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് വോട്ടു ചെയ്യാം.എന്നാൽ ബി.ജെ.പി അല്ലാതെ വേറെ ഏതാണ് നല്ല പാർട്ടിയെന്ന് നിങ്ങളെന്നോട് പറയൂ. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോയിൽ പറയുന്നു.

അഗർത്തല, മോഹൻപൂർ നിയമസഭാ മണ്ഡലങ്ങൾ ത്രിപുര വെസ്റ്റ് ലോക്സഭാ സീറ്റിന് കീഴിലാണ് വരുന്നത്. ഇവിടെ ഏപ്രിൽ 19 ന് ആദ്യഘട്ടവോട്ടെടുപ്പ് നടന്നു. 81.48 ശതമാനമായിരുന്നു ഇവിടെ പോളിങ് നടന്നത്.അമർപൂർ, തെലിയമുറ, ഖോവായ് നിയമസഭാ മണ്ഡലങ്ങൾ ത്രിപുര ഈസ്റ്റ് (എസ്ടി) പാർലമെന്റ് മണ്ഡലത്തിന് കീഴിലാണ് വരുന്നത്. 

മന്ത്രിയുടെ പ്രസ്താവനക്കെതിരെ സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഇരുപാർട്ടികളും അറിയിച്ചു. മന്ത്രിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആശിഷ് കുമാർ സാഹ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ പറയുന്നു. മന്ത്രിയുടെ പ്രസ്താവന വോട്ടിങ്ങിനെക്കുറിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സിപി.എം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ പറയുന്നു.

അതിനിടെ ഏപ്രിൽ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് വമ്പൻ ഓഫറുകളുമായി റെസ്റ്റോറന്റുകളും ആശുപത്രികളും രംഗത്തെത്തിയിട്ടുണ്ട്. നോയിഡയിലാണ് വോട്ടെടുപ്പ് പ്രമാണിച്ച് ഓഫറുകൾ പ്രഖ്യാപിച്ചത്. ഏപ്രിൽ 26, ഏപ്രിൽ 27 തീയതികളിൽ വോട്ടിങ് മഷി പുരട്ടിയ വിരൽ കാണിച്ചാൽ 20 ശതമാനം കിഴിവ് നൽകാമെന്നാണ്  നോയിഡയിലെയും ഗ്രേറ്ററിലെയും റെസ്റ്റോറന്റുകളുടെ വാഗ്ദാനം. വോട്ടിങ് പ്രക്രിയയിൽ കൂടുതൽ പൗരന്മാരെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചതെന്ന് നാഷണൽ റെസ്റ്റോറന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഐ.ഡി കാർഡുകളോ മറ്റ് രേഖകളോ ചോദിക്കില്ലെന്നും വോട്ടിങ് മഷി പുരട്ടിയ വിരലുകൾ മാത്രം കാണിച്ചാൽ മതിയെന്നും ഹോട്ടലുടമായ നരേഷ് മദൻ പറഞ്ഞു. 

അതേസമയം, വോട്ടർമാർക്ക് ഫുൾബോഡി ചെക്കപ്പാണ് ആശുപത്രികൾ വാഗ്ദാനം ചെയ്യുന്നത്. ചെക്കപ്പുകൾക്ക് 100 ശതമാനം കിഴിവ് വരെ ചില ആശുപത്രികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 'പൗരന്മാർക്ക് ആശുപത്രിയിൽ വന്ന് വിരലുകളിൽ വോട്ടിംഗ് മഷി അടയാളം കാണിച്ച് 6,500 രൂപയുടെ പൂർണ്ണ ശരീര പരിശോധന സൗജന്യമായി നേടാം. ഏപ്രിൽ 26 മുതൽ 30 വരെ ഓഫർ ലഭ്യമാകുമെന്ന് നോയിഡയിലെ ഒരു ആശുപത്രി ഉടമ പിടിഐയോട് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News