മൈസൂരിൽ മോദി താമസിച്ച ഹോട്ടലിലെ ബിൽ അടച്ചില്ല; 80 ലക്ഷം കുടിശ്ശിക !

ദൈവം നേരിട്ട് ഭൂമിയിലേക്കയച്ച ആളോട് ബിൽ അടയ്ക്കാൻ പറയാൻ മനുഷ്യർക്ക് എങ്ങനെ ധൈര്യം വന്നു എന്നായിരുന്നു നടൻ പ്രകാശ് രാജിന്റെ പരിഹാസം

Update: 2024-05-25 10:06 GMT
Advertising

ബെംഗളൂരു: മൈസൂർ സന്ദർശനത്തിൽ മോദി താമസിച്ച ഹോട്ടലിലെ ബിൽ അടച്ചില്ലെന്ന ആരോപണവുമായി അധികൃതർ. 80 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാനുണ്ടെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. മൈസൂരുവിലെ റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു മോദിയുടെ മൈസുരു സന്ദർശനം. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സംഘടിപ്പിച്ച പ്രോജക്ട് ടൈഗർ ഇവന്റിന്റെ 50ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്. സംസ്ഥാന വനംവകുപ്പും പരിപാടിയുടെ സംഘാടകരായിരുന്നു.

ഏപ്രിൽ 9 മുതൽ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസർക്കാരിന്റെ നിർദേശം. ചടങ്ങിലുനീളം കേന്ദ്രസഹായം ഉറപ്പു നൽകുകയും ചെയ്തു. 3 കോടിയായിരുന്നു പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ചിരുന്ന തുക. എന്നാൽ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടു തന്നെ ചെലവ് ഇരട്ടിയായി.

ആകെ ചെലവായ 6.33 കോടിയിൽ പകുതിയോളം കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തുടർച്ചയായി കേന്ദ്രത്തെ ബന്ധപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് വനംവകുപ്പിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.3 കോടിയിൽ ചുരുങ്ങുമായിരുന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ താമസവും മറ്റ് ചെലവുകളും മൂലം അധികമായതായാണ് ആയതായാണ് റിപ്പോർട്ടുകൾ. കേന്ദ്രത്തോട് പണം ചോദിക്കുമ്പോഴെല്ലാം പ്രധാനമന്ത്രിയുടെ താമസത്തിന്റെയും മറ്റും ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് വനംവകുപ്പിന് ലഭിച്ച മറുപടി.

ബിൽ കുടിശ്ശിക ചൂണ്ടിക്കാട്ടി റാഡിസൺ ബ്ലൂ ഫിനാൻസ് ജനറൽ മാനേജർ വനംവകുപ്പ് അധികൃതർക്ക് അയച്ച സന്ദേശത്തിൽ തുക അടയ്ക്കാൻ വൈകുന്ന പക്ഷം 12.09 ലക്ഷം രൂപ അധികം പലിശയിനത്തിലും അടയ്ക്കണമെന്നാണ് പറയുന്നത്. 2024 ജൂൺ 1നകം പണമടച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും ഹോട്ടൽ മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ, ഹോട്ടൽ കുടിശ്ശിക അടയ്ക്കാത്തതിൽ ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ വ്യാപക വിമർശനവും പരിഹാസവുമാണ് സമൂഹമാധ്യമങ്ങളിൽ. ദൈവം നേരിട്ട് ഭൂമിയിലേക്കയച്ച ആളോട് ബിൽ അടയ്ക്കാൻ പറയാൻ മനുഷ്യർക്ക് എങ്ങനെ ധൈര്യം വന്നു എന്നായിരുന്നു നടൻ പ്രകാശ് രാജിന്റെ പരിഹാസം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News