ശരിയായ പ്രായത്തിൽ വിവാഹം കഴിക്കണം; ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണം: മോഹൻ ഭഗവത്

ശരിയായ പ്രായത്തിൽ വിവാഹം കഴിച്ച് മൂന്ന് കുട്ടികൾ ഉണ്ടാകുന്നത് മാതാപിതാക്കളും കുട്ടികളും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മോഹൻ ഭ​ഗവത് വ്യക്തമാക്കി

Update: 2025-08-28 14:46 GMT

ന്യൂഡൽഹി: ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. മൂന്നിൽ താഴെ ജനനനിരക്കുള്ള സമൂഹങ്ങൾക്ക് പതുക്കെ വംശനാശം സംഭവിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് മൂന്നിൽ കുടുതൽ ജനനനിരക്ക് നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ആർഎസ്എസ് തലവൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജനസംഖ്യാ നിയന്ത്രണവും ജനസംഖ്യാവർധനയിലെ വ്യതിയാനവും സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''ശരിയായ പ്രായത്തിൽ വിവാഹം കഴിച്ച് മൂന്ന് കുട്ടികൾ ഉണ്ടാകുന്നത് മാതാപിതാക്കളും കുട്ടികളും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികൾ ഈഗോ മാനേജ്‌മെന്റ് പഠിക്കുകയും ഭാവിയിൽ അവരുടെ കുടുംബജീവിതത്തിൽ ഒരു അസ്വസ്ഥതയും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ജനനനിരക്ക് 2.1 എന്നത് നല്ല ശരാശരിയാണ്. ഭാവിയിൽ അത് മൂന്നാവണം''- മോഹൻ ഭഗവത് പറഞ്ഞു.

Advertising
Advertising

ജനസംഖ്യ ഒരു അനുഗ്രഹമാണ്, അതുപോലെ തന്നെ അതൊരു ഭാരവുമാകും. എല്ലാവർക്കും ഭക്ഷണം കൊടുക്കണം എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. അതുകൊണ്ടാണ് ജനസംഖ്യാ നയം നടപ്പാക്കിയത്. ജനസംഖ്യാ നിയന്ത്രണം നിലനിൽക്കുമ്പോൾ എല്ലാ കുടുംബങ്ങളിലും മൂന്ന് കുട്ടികളെങ്കിലും വേണം. എന്നാൽ അതിൽ കൂടാതെ നോക്കുകയും വേണം. അവരെ ശരിയായ രീതിയിൽ വളർത്താനുള്ള സാഹചര്യവും ഉറപ്പാക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു.

എല്ലാ സമുദായങ്ങളിലും ജനനിരക്ക് കുറഞ്ഞുവരികയാണെന്നും മോഹൻ ഭഗവത് പറഞ്ഞു. ഹിന്ദു സമുദായത്തിലാണ് കൂടുതൽ കുറവ് രേഖപ്പെടുത്തുന്നത്. കാരണം അത് നേരത്തെ തന്നെ കുറഞ്ഞ നിരക്കിലായിരുന്നു. മറ്റു സമുദായങ്ങളിൽ നേരത്തെ ജനനനിരക്ക് കൂടുതലായിരുന്നെങ്കിലും ഇപ്പോൾ കുറവാണ്. വിഭവങ്ങൾ കുറയുകയും ജനസംഖ്യ വർധിക്കുകയും ചെയ്യുമ്പോൾ അത് സ്വാഭാവികമാണ്. എങ്കിലും ഒരു കുടുംബത്തിൽ മൂന്ന് കുട്ടികളെങ്കിലും നിർബന്ധമായും വേണമെന്നും ആർഎസ്എസ് തലവൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News