മുംബൈയിൽ ജീവിക്കാൻ മറാത്തി പഠിക്കേണ്ടെന്ന് ആര്‍എസ്എസ് നേതാവ്, അതുപറയാന്‍ ആരാണ് അവകാശം കൊടുത്തതെന്ന് ഉദ്ധവ് ശിവസേന
പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ ബിജെപി സര്‍ക്കാര്‍ മറാത്തി നിർബന്ധമാക്കിയ സമയത്താണ് മുതിർന്ന ആർഎസ്എസ് നേതാവിന്റെ പരാമർശം വരുന്നത്
മുംബൈ: മുംബൈയിൽ ജീവിക്കാൻ മറാത്തി അറിയേണ്ട ആവശ്യമില്ലെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി. ഭാഷാ വിവാദത്തിനിടെ ഭയ്യാജി ജോഷിയുടെ പ്രസതാവന വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. പ്രതിപക്ഷമാണ് ജോഷിയുടെ പ്രസ്താവനക്കെതിരെ രംഗത്ത് എത്തിയത്.
''മുംബൈയിൽ ഒരൊറ്റ ഭാഷയല്ല. മുംബൈയുടെ ഓരോ ഭാഗത്തിനും വ്യത്യസ്തമായ ഭാഷയുണ്ട്. ഘട്കോപാർ പ്രദേശത്തെ ഭാഷ ഗുജറാത്തിയാണ്. അതിനാൽ നിങ്ങൾ മുംബൈയിലാണ് താമസിക്കുന്നതെങ്കിൽ മറാത്തി പഠിക്കേണ്ട ആവശ്യമില്ല "- ഇങ്ങനെയായിരുന്നു ജോഷിയുടെ വാക്കുകള്‍. മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രഭാത് ലോധയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ ബിജെപി സര്‍ക്കാര്‍ മറാത്തി നിർബന്ധമാക്കിയ സമയത്താണ് മുതിർന്ന ആർഎസ്എസ് നേതാവിന്റെ പരാമർശം വരുന്നത്.
ശിവസേന, രാജ് താക്കറെയുടെ എംഎൻഎസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ മറാത്തക്കായി ശക്തമായി വാദിക്കുന്നവരുമാണ്. അടുത്തിടെയും മഹാരാഷ്ട്രയിൽ മറാത്തി സംസാരിക്കാൻ വിസമ്മതിച്ച വ്യക്തികൾക്കെതിരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഉദ്ധവ് വിഭാഗം ശിവസേനയാണ് ജോഷിയുടെ പ്രസ്താവനക്കെതിരെ രംഗത്ത് എത്തിയത്. ബിജെപിയുടെ നയങ്ങള്‍ തീരുമാനിക്കുന്നയാള്‍ എന്നാണ് ഭയ്യാജി ജോഷിയെ ഉദ്ധവ് വിഭാഗം നേതാവും എംപിയുമായ സഞ്ജയ് റാവത്ത് വിശേഷിപ്പിച്ചത്.
'ആരാണ് അദ്ദേഹത്തിന് ഇങ്ങനെ പറയാന്‍ അവകാശം നൽകിയത്? കൊൽക്കത്തയിൽ പോയി ബംഗാളി അവരുടെ ഭാഷയല്ലെന്ന് നിങ്ങള്‍ക്ക് പറയാനാകുമോ? ലഖ്‌നൗവിൽ പോയി യോഗി ആദിത്യനാഥിന്റെ മുന്നില്‍വെച്ച് ഹിന്ദി അവരുടെ ഭാഷയല്ലെന്ന് പറയാനാകുമോ, ചെന്നൈയിൽ പോയി അവരുടെ ഭാഷ തമിഴല്ലെന്ന് പറയാനാകുമോ'- റാവത്ത് ചോദിച്ചു.
അതേസമയം കേന്ദ്രസർക്കാറിന്റെ പുതിയ ഭാഷാ നയത്തിനെതിരെ തമിഴ്‌നാട്ടിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നാണ് തമിഴ്‌നാട് സർക്കാറിന്റെ വാദം.