സച്ചിന്‍ മുതല്‍ മോദി വരെ വ്യത്യസ്ത ഇനം മാമ്പഴങ്ങളുമായി യുപിയിലെ 'മാംഗോ മാന്‍'

'ആം ആദ്മി' അല്ലെങ്കില്‍ 'മാംഗോ മാന്‍' എന്ന വിളിപ്പേരും കലീമുല്ല ഖാന്‍ സ്വന്തമാക്കി

Update: 2023-06-16 06:45 GMT
Editor : anjala | By : Web Desk

ലഖ്‌നോ: രണ്ട് വ്യത്യസ്ത നിറങ്ങളും അതിലോരോന്നിനും വ്യത്യസ്ത രുചിയുമുള്ള ഒരു പഴം. അത്തരത്തിലുള്ള ഫലം കായ്ക്കുന്ന ഒരു മാവ് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? അങ്ങനെ ഒരു മാമ്പഴം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കലീമുല്ല ഖാന്‍. ഇതിലൂടെ 'ആം ആദ്മി' അല്ലെങ്കില്‍ 'മാംഗോ മാന്‍' എന്ന വിളിപ്പേരും കലീമുല്ല സ്വന്തമാക്കി.

'മാമ്പഴ തത്ത്വചിന്തകനായി' മാറിയശേഷം മാമ്പഴങ്ങളുടെയും മനുഷ്യരുടെയും ജീവിതം എങ്ങനെ സമാനപ്പെട്ടിരിക്കുന്നു എന്നാണ് പിന്നീട് അദ്ദേഹം ചിന്തിച്ചു തുടങ്ങിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ അസാധാരണ മനുഷ്യനെക്കുറിച്ചുള്ള വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം പിടിച്ചിരുന്നു.

Advertising
Advertising

ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഖാന്‍ വ്യത്യസ്ത തരത്തിലുളള മാമ്പഴങ്ങള്‍ ഉത്പാദിപ്പിച്ചു കൊണ്ടാണ് വിജയം നേടിയത്. മാമ്പഴത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന് രാജ്യം 2008ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ഖാന്റെ ജന്മനാടായ മലിഹാബാദില്‍ മാമ്പഴം ഏറെ പ്രസിദ്ധമാണ്. ചൗസ, ലാംഗ്ഡ, സഫേദ, ദശ്ശേരി എന്നിവയുള്‍പ്പെടെ നൂറുകണക്കിന് ഇനം മാമ്പഴങ്ങളാണ് ഈ പ്രദേശത്തെ തോട്ടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്. ഈ പ്രദേശത്തെ മാമ്പഴ കച്ചവടത്തിന്റെ വളര്‍ച്ചയെ കലീമുല്ല ഖാന്‍ ഗണ്യമായി സഹായിച്ചു.

കലീമുല്ലയുടെ തോട്ടം സന്ദര്‍ശിക്കാനും കഴിവിനെ അഭിനന്ദിക്കാനും മാമ്പഴങ്ങളുടെ രുചി അറിയാനും ഏറെ ദൂരം യാത്ര ചെയ്ത് ആളുകള്‍ എത്താറുണ്ട്.  ഗ്രാഫ്റ്റിംഗിന്റെ അസെക്ഷ്വല്‍ പ്രൊപ്പഗേഷന്‍ (ഒട്ടുമാവ്) രീതി ഉപയോഗിച്ച് അപൂര്‍വയിനം മാമ്പഴങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് കൊണ്ട് കലീമുല്ല തന്റെ കൃഷി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അഖിലേഷ് യാദവ് തുടങ്ങിയ പ്രശസ്തരുടെ പേരും പല മാമ്പഴങ്ങള്‍ക്കും നല്‍കി.

1957 മുതല്‍ തുടങ്ങിയ മാമ്പഴ കൃഷി ഇന്നും ഖാന്‍ തുടര്‍ന്ന് വരുന്നു. ഗ്രാഫ്റ്റിംഗ് രീതികള്‍ തുടങ്ങിയതിന് ശേഷം ഒരേ മരത്തില്‍ വ്യത്യസ്ത തരം മാങ്ങകള്‍ വളര്‍ത്തുന്ന രീതി അദ്ദേഹം പരീക്ഷിച്ചു. ഒന്നിലധികം മാവുകളില്‍ അനേകം മാങ്ങയും അതില്‍ 300 വ്യത്യസ്ത ഇനം മാമ്പഴങ്ങളും നിറഞ്ഞു നില്‍ക്കുന്ന കാഴ്ച്ച കരീമുല്ലയുടെ തോട്ടത്തിലെ പ്രത്യേകയാണ്. ഒരു മനുഷ്യന്റെ വിരലടയാളങ്ങള്‍ ഒരു പോലെയല്ല എന്നത് പോലെ  ഒരേ മാവിലെ രണ്ട് മാമ്പഴങ്ങളും ഒരുപോലെയല്ല എന്നാണ് കലീമുല്ല പറയുന്നത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News