'സമാധാനത്തിനും വളർച്ചക്കും വേണ്ടി'; ഏഴ് വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി സൈന നെഹ്‍വാളും കശ്യപും
വിവാഹ മോചനത്തെക്കുറിച്ച് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല
ഹൈദരാബാദ്: ഏഴുവർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‍വാളും പാരുപ്പള്ളി കശ്യപും. കഴിഞ്ഞ ദിവസം രാത്രിയാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് കൂടിയായ സൈന വേർപിരിയുന്നതായി പ്രഖ്യാപിച്ചത്.
''ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ചാണ് ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചത്.സമാധാനം,വളർച്ച, സൗഖ്യം എന്നിവ ഞങ്ങൾ തെരഞ്ഞെടുക്കുകയാണ്. പരസ്പരം നൽകിയ ഓർമകൾക്ക് എന്നും നന്ദിയുള്ളവളായിരിക്കും.ഏറ്റവും മികച്ചത് മാത്രമേ മുന്നോട്ട് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി, സൈന ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറിയിൽ കുറിച്ചു.
ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ ഒരുമിച്ച് പരിശീലനം നടത്തിയവരാണ് സൈനയും കശ്യപും.2018ൽ ഇരുവരും വിവാഹിതരായി.2012ലാണ് ലണ്ടൻ ഒളിമ്പിക്‌സിൽ സൈന വെങ്കല മെഡൽ നേടുന്നത്.കർണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക്‌സ് മെഡൽ നേടുന്ന ഇന്ത്യ വനിത കൂടിയാണ് സൈന.2010,2018 കോമൺവെൽത്ത് മത്സരങ്ങളിൽ സ്വർണമെഡൽ ജേതാവുമായി. കൂടാതെ ലോക ഒന്നാം നമ്പർ റാങ്കിങ്ങും സ്വന്തമാക്കിയിരുന്നു. 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡല്‍ ജേതാവാണ് കശ്യപ് . 2024 ന്റെ തുടക്കത്തിൽ കരിയർ അവസാനിപ്പിച്ചതിനുശേഷം കശ്യപ് പരിശീലനായി. വിവാഹ മോചനത്തെക്കുറിച്ച് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.