അലവൻസ് മറന്നേക്കൂ, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകും; തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് രേവന്ത് റെഡ്ഡി

സംസ്ഥാനത്തിന്‍റെ ദുർബലമായ സാമ്പത്തിക സ്ഥിതി കാരണം ഒന്നാം തിയതി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സർക്കാരിന് ബുദ്ധിമുട്ടാകുന്നു

Update: 2025-03-17 13:23 GMT
Editor : Jaisy Thomas | By : Web Desk

ഹൈദരാബാദ്: തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധയിലാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എല്ലാ മാസവും ഒന്നാം തിയതി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്നും റെഡ്ഡി തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു. കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട്, സ്ഥിതിഗതികൾ മനസ്സിലാക്കണമെന്ന് അദ്ദേഹം ജീവനക്കാരോട് അഭ്യർഥിക്കുകയും സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പൂർണ സുതാര്യത ഉറപ്പുനൽകുകയും ചെയ്തു.

"സംസ്ഥാനത്തിന്‍റെ ദുർബലമായ സാമ്പത്തിക സ്ഥിതി കാരണം ഒന്നാം തിയതി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സർക്കാരിന് ബുദ്ധിമുട്ടാകുന്നു. ഈ സർക്കാർ നിങ്ങളുടേതാണ്. എല്ലാ അക്കൗണ്ടുകളും ഞാൻ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തും. എന്ത് നൽകണമെന്നും എന്ത് നിർത്തിവയ്ക്കണമെന്നും നിങ്ങൾ തീരുമാനിക്കുക'' അദ്ദേഹം വ്യക്തമാക്കി. ഡിഎ വേണമെന്ന ആവശ്യം നിയമാനുസൃതമാണെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ ഇപ്പോൾ അതിൽ നിർബന്ധം പിടിക്കരുതെന്ന് ജീവനക്കാരോട് അഭ്യർഥിച്ചു. "ജീവനക്കാരുടെ ന്യായമായ ആവശ്യമാണ് ഡിഎ, പക്ഷേ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അതിൽ നിർബന്ധം പിടിക്കരുതെന്ന് ഞാൻ അവരോട് അഭ്യർഥിക്കുന്നു," റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ മൂലധനച്ചെലവിന് തന്‍റെ പക്കൽ പണമില്ലെന്ന് രേവന്ത് റെഡ്ഡി തുറന്നുപറഞ്ഞിരുന്നു. തെലങ്കാന സർക്കാർ 7 ലക്ഷം കോടി രൂപയുടെ കടത്തിലാണെന്ന് കോൺക്ലേവിൽ സംസാരിച്ച അദ്ദേഹം വിശദീകരിച്ചു. പ്രതിമാസം 18,500 കോടി രൂപ വരുമാനം ലഭിച്ചെങ്കിലും ആവർത്തന ചെലവുകൾക്കായി ഗണ്യമായ തുക നീക്കിവച്ചു."എനിക്ക് പ്രതിമാസം 6,500 കോടി രൂപ ശമ്പളവും പെൻഷനും നൽകണം. കടമായും പലിശയായും പ്രതിമാസം 6,500 കോടി രൂപ തിരികെ നൽകണം. അതായത് എല്ലാ മാസവും പത്താം തിയതിക്ക് മുമ്പ് 13,000 കോടി രൂപ പോകും. ക്ഷേമത്തിനും വികസനത്തിനുമായി എനിക്ക് 5,000 കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. മൂലധന ചെലവിന് എന്‍റെ കൈവശം പണമില്ല," അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News