സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്; പ്രതിയുടെ മരണം കൊലപാതകമെന്ന് കുടുംബം

മുംബൈക്ക് പുറത്ത് വെച്ച് പോസ്റ്റ് മോർട്ടം നടത്തണമെന്ന് പ്രതിയുടെ സഹോദരൻ

Update: 2024-05-02 06:04 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് പുറത്ത് വെടിയുതിർത്ത കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കേസിലെ പ്രതിയും പഞ്ചാബ് സ്വദേശിയുമായ അനൂജ് തപന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞദിവസമാണ് കസ്റ്റഡിയിലിരിക്കെ അനൂജ് തപൻ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുമ്പ് ഇയാളെ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ അനൂജ് തപവും മറ്റ് അഞ്ച് പേരും ലോക്കപ്പിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 11 മണിയോടെ അനൂജ് ടോയ്ലറ്റിൽ പോയി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

എന്നാൽ അനൂജ് തപനെ ജയിലിൽ വെച്ച് കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ അഭിഷേക് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. 'അനൂജ് ജീവനൊടുക്കിയെന്നാണ് ഫോൺ വഴി ഞങ്ങളോട് പറഞ്ഞത്. എന്നാൽ അദ്ദേഹം ജീവനൊടുക്കില്ല. കൊല്ലപ്പെട്ടതാണ്..ഞങ്ങൾക്ക് നീതി വേണം... മുംബൈക്ക് പുറത്ത് വെച്ച് പോസ്റ്റ് മോർട്ടം നടത്തണമെന്നും സഹോദരൻ പറഞ്ഞു.

അനൂജിന്റെ അഭിഭാഷകനും പൊലീസിനെതിരെ രംഗത്തെത്തി. തങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് നാല് പ്രതികളും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 48 മണിക്കൂറിനുള്ളിൽ അവരിലൊരാൾ മരിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം വേണം.  അഭിഭാഷകനായ അമിത് മിശ്ര എൻഡിടിവിയോട് പറഞ്ഞു.സൽമാൻ ഖാന്റെ വീടിന് പുറത്ത് നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്തം അൻമോൽ ബിഷ്നോയ് നേരത്തെ ഏറ്റെടുത്തിരുന്നു.

പ്രതികൾക്ക് ആയുധം വിതരണം ചെയ്ത രണ്ടുപേരിൽ ഒരാളാണ് അനൂജ് തപൻ എന്നാണ് പൊലീസ് പറയുന്നത്. അനൂജ് തപനെക്കൂടാതെ,സോനു സുഭാഷ്, വിക്കി ഗുപ്ത,സാഗർ പാൽ തുടങ്ങിയവരും പൊലീസ് കസ്റ്റഡിയിലാണ്. അനൂജിന്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News