വാങ്കഡെയുടെ പരാതി: മഹാരാഷ്ട്ര സര്‍ക്കാരിന് ദേശീയ പട്ടികജാതി കമ്മീഷന്‍റെ നോട്ടീസ്

ഏഴ് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിർദേശം.

Update: 2021-10-31 06:53 GMT

എൻ.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ പരാതിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ദേശീയ പട്ടികജാതി കമ്മീഷന്‍റെ നോട്ടീസ്. സംസ്ഥാന സര്‍ക്കാർ തന്നെ പീഡിപ്പിക്കുകയാണെന്നാണ് വാങ്കഡെയുടെ പരാതി. പട്ടികജാതി കമ്മീഷന്‍ അധ്യക്ഷന്‍ എ.കെ സാഹുവാണ് മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിർദേശം.

വാങ്കഡെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പട്ടികജാതി കമ്മീഷന്‍ അന്വേഷണം നടത്തുന്നതെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാങ്കഡെക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കണം. നിര്‍ദേശിച്ച സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ കമ്മീഷന്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

Advertising
Advertising

മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് വാങ്കഡെ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയത്. വാങ്കഡെ മുസ്‍ലിമാണെന്നും സിവില്‍ സര്‍വീസ് ലിസ്റ്റില്‍ ഇടംകിട്ടാനായി ജാതി സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തിയെന്നുമാണ് നവാബ് മാലിക് ആരോപിച്ചത്. വാങ്കഡെ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.

അതിനിടെ നിരവധി ആരോപണങ്ങള്‍ വാങ്കഡെക്കെതിരെ ഉയര്‍ന്നു. ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. ആര്യന്‍ ഖാനെതിരായ കേസില്‍ എട്ട് കോടിയുടെ കൈക്കൂലി ആരോപണമാണ് വാങ്കഡെക്കെതിരെ ഉയര്‍ന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണവും വകുപ്പുതല അന്വേഷണവും നടക്കുകയാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News