സ്‌കൂളുകൾക്ക് കാവി പെയിന്റടിക്കാൻ കർണാടക സർക്കാർ-വിവാദം

''സ്വാമി വിവേകാനന്ദയുടെ പേരിൽ നിർമിച്ച സ്‌കൂൾ കെട്ടിടങ്ങളാണവ. വിവേകാനന്ദ ഒരു സന്ന്യാസിയായിരുന്നു. അദ്ദേഹം കാവിതലപ്പാവ് ധരിക്കുകയും ചെയ്തിരുന്നു.''-കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

Update: 2022-11-14 09:57 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: സർക്കാർ വിദ്യാലയങ്ങൾക്ക് കാവിനിറത്തിലുള്ള പെയിന്റ് അടിക്കാൻ നീക്കവുമായി കർണാടക സർക്കാർ. സ്വാമി വിവേകാനന്ദയുടെ പേരിൽ ആരംഭിച്ച വിവേക പദ്ധതിയുടെ ഭാഗമായി നിർമിച്ച 8,000 സ്‌കൂളുകൾക്കാണ് കാവി പെയിന്റ് അടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ആണ് പ്രഖ്യാപനം നടത്തിയത്. നടപടി വിവാദമായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ കലബുറഗിയിൽ വിദ്യദാന സമിതി എജ്യുക്കേഷൻ സൊസൈറ്റിയുടെ ശതാബ്ദി ആഘോഷ ചടങ്ങിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. സ്‌കൂളിലെ ക്ലാസ്മുറികൾക്ക് കാവിനിറത്തിലുള്ള പെയിന്റ് അടിക്കും. ഇതിനു പിന്നിൽ പ്രത്യയശാസ്ത്രപരമായ പ്രേരണകളില്ലെന്നും കെട്ടിട നിർമാതാക്കൾ നിർദേശിച്ചതിനനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും മന്ത്രി ബി.സി നാഗേഷ് വിശദീകരിച്ചു.

സംഭവം പ്രതിപക്ഷം വിവാദമാക്കിയതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നും എല്ലാം രാഷ്ട്രീയവൽക്കരിക്കുന്നത് തരംതാണ ഏർപ്പാടാണെന്നും ബൊമ്മെ പറഞ്ഞു. നിയമസഭാ മന്ദിരത്തിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നമ്മുടെ ദേശീയപതാകയിൽ കാവിനിറമുണ്ട്. എന്തിനാണ് കാവിനിറം പറഞ്ഞ് അവർ ദേഷ്യപ്പെടുന്നത്? സ്വാമി വിവേകാനന്ദയുടെ പേരിൽ നിർമിച്ച സ്‌കൂൾ കെട്ടിടങ്ങളാണവ. വിവേകാനന്ദ ഒരു സന്ന്യാസിയായിരുന്നു. കാവിതലപ്പാവ് ധരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. വിവേക എന്ന വാക്കിനർത്ഥം എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ്. അവരെ പഠിക്കാൻ അനുവദിക്കൂ.''-ബസവരാജ് ബൊമ്മൈ പറഞ്ഞു.

കർണാടകയിലെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായാണ് വിവേക പദ്ധതി നടപ്പാക്കുന്നത്. നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണവും പുതിയ വിദ്യാലയങ്ങളുടെ നിർമാണവുമെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഇതിനായി 992 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുള്ളത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് 7,000 ക്ലാസ്മുറികളും കല്യാണ കർണാടക റീജ്യനൽ ഡെവലപ്‌മെന്റ് ബോർഡ് ഫണ്ടു കൊണ്ട് ആയിരം ക്ലാസ്മുറികളും നിർമിക്കും.

Summary: Row in Karnataka over painting classrooms in saffron colour soon after the state education minister B C Nagesh announced that the 8,000 schools built under project Viveka, named after Swami Vivekananda, will be painted in saffron colour.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News