സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന, മലൈക്കോട്ടൈ വാലിബന് പാക്കപ്പ്; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്

ബിപോർജോയ് ചുഴലിക്കാറ്റ് കരതൊടാനിരിക്കെ ഗുജറാത്തിൽ മുൻകരുതലിന്റെ ഭാഗമായി 45000 പേരെ മാറ്റിപ്പാർപ്പിച്ചു

Update: 2023-06-14 16:26 GMT
Advertising

ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കര തൊടും

ബിപോർജോയ് ചുഴലിക്കാറ്റ് കരതൊടാനിരിക്കെ ജാഗ്രത ശക്തമാക്കി ഗുജറാത്ത്. മുൻകരുതലിന്റെ ഭാഗമായി 45000 പേരെ മാറ്റിപ്പാർപ്പിച്ചു. 69 ട്രെയിനുകൾ റദ്ദാക്കി. കനത്ത കാറ്റിലും മഴയിലും ഇതുവരെ അഞ്ചു പേരാണ് സംസ്ഥാനത്ത് മരിച്ചത്.

ജാഖു തുറമുഖത്ത് നിന്നും 280 കിലോമീറ്റർ അകലെയുള്ള ചുഴലിക്കാറ്റ് നാളെ വൈകീട്ടോടെ ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ കനത്ത നാശനഷ്ടം സൃഷ്ടിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച എട്ട് ജില്ലകളിൽ 18 ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

വത്സാഡ്, ജുനഗഡ്, പോർബന്ദർ, മോർബി, സോംനാഥ്, ഭുജ് ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. കടൽ തീരത്ത് നിന്നും 15 കിലോമീറ്ററിന് ഉള്ളിലുള്ള ഏഴ് താലൂക്കുകളിലെ 120 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഹെൽപ് ഡെസ്ക് നമ്പരുകളും സംസ്ഥാന സർക്കാർ പുറത്തിറക്കി. ദ്വാരക ജില്ലയിൽ മാത്രം നാന്നൂറിൽ അധികം ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായി കേന്ദ്രമന്ത്രി പർഷോത്തം രുപാല വ്യക്തമാക്കി.

കടൽ പ്രക്ഷുബ്ധമായതോടെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന സാഹചര്യത്തിൽ ആളുകൾ കടലിൽ പോകുന്നതിനും വിലക്ക് ഉണ്ട്. ഗുജറാത്ത് തീരം വഴിയുള്ള 69 ട്രെയിനുകൾ പശ്ചിമ റെയിൽവേ റദ്ദാക്കി. 32 ട്രെയിനുകൾ ഗുജറാത്തിൽ പ്രവേശിക്കും മുൻപേ സർവീസ് അവസാനിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു.

നിശ്ചലമായി സെറോദ

രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ മൊബൈൽ ട്രെഡിംങ് ആപ്ലിക്കേഷനായ കെറ്റിലെ ഡാറ്റാ ഫീഡുകള്‍ക്ക് തകരാർ സംഭവിച്ചതായി റിപ്പോർട്ടുകള്‍. സ്റ്റോക്കിന്‍റെ വിലകള്‍ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് നിരവധി ഉപയോക്താക്കളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നത്. ഫ്രീസിങ്ങ് വലിയ നഷ്ടം ഉണ്ടാക്കിയെന്നും ഉപയോക്താക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.

തകരാർ സംഭവിച്ചതായി അംഗീകരിച്ചെങ്കിലും ഓർഡർ പ്ലേസ്മെന്‍റിനെ ഇത് ബാധിച്ചിട്ടില്ലെന്നാണ് സെറോദ പറയുന്നത്.ഉപഭോക്താക്കള്‍ നേരിട്ട അസൌകര്യത്തിൽ സെറോദ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

സഹോദരൻമാരായ നിതിൻ കാമത്തിന്‍റെയും നിഖിൽ കാമത്തിന്‍റെയും ഉടമസ്ഥതയിലുള്ള സെറോദ , ഏകദേശം 20% വിപണി വിഹിതമുള്ള രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറാണ്. അതിന്റെ വാർഷിക ലാഭത്തിൽ (YOY) 12% വർധന രേഖപ്പെടുത്തി 2,500 കോടി രൂപയിലെത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

മലൈക്കോട്ടൈ വാലിബന് പാക്കപ്പ്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. അതുകൊണ്ടു തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. പാക്കപ്പിനെ പിന്നാലെ നടന്ന അണിയറപ്രവര്‍ത്തകരുടെ ആഘോഷമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

“കുറച്ച് അധികം കാലത്തെ സമയത്തിനുള്ളിൽ അൻപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും അതിൽ സന്തുഷ്ടരാണ്. ഈ ചിത്രം എല്ലാവർക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയാകട്ടെ. പ്രേക്ഷകരെല്ലാവരും ഇഷ്ടപ്പെടട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് പാക്കപ്പ്,” ലിജോ ജോസ് പറഞ്ഞു. ഒപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന മോഹന്‍ലാലിനെയും വീഡിയോയില്‍ കാണാം.

രാജസ്ഥാന്‍,ചെന്നൈ,പോണ്ടിച്ചേരി എന്നിവിടങ്ങളായിരുന്നു വാലിബന്‍റെ പ്രധാന ലൊക്കേഷനുകള്‍. രാജസ്ഥാനിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്. 77 ദിവസമായിരുന്നു ഇവിടെ ഷൂട്ടിംഗ്. രണ്ടാം ഷെഡ്യൂള്‍ ചെന്നൈയിലായിരുന്നു ഷൂട്ട് ചെയ്തത്. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആയിരുന്നു ലൊക്കേഷന്‍. പി.എസ് റഫീഖാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ഗുസ്തിക്കാരനായിട്ടാണ് വേഷമിടുന്നത്. അടിവാരത്ത് കേളു മല്ലൻ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍.ആചാരി, സുചിത്ര നായര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് പിളളയാണ് സംഗീതം. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്.

ഏകീകൃത സിവിൽ കോഡില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടി ലോ കമ്മീഷൻ

ഡല്‍ഹി: ഏകീകൃത സിവിൽ കോഡില്‍ അഭിപ്രായം തേടി ലോ കമ്മീഷൻ. ഒരു രാജ്യം, ഒരു നിയമം എന്ന വിഷയത്തില്‍ പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടാനാണ് ലോ കമ്മീഷൻ തീരുമാനം. 30 ദിവസത്തിനുള്ളിലാണ് അഭിപ്രായം അറിയിക്കേണ്ടത്. പൊതുജനങ്ങളിൽ നിന്നും മതസംഘടനകളിൽ നിന്നുമാണ് അഭിപ്രായം തേടുന്നത്.

2016ലാണ് കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോവാന്‍ ലോ കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 2018ലാണ് പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായത്. പക്ഷെ മുന്നോട്ടു പോവാന്‍ 21ആം ലോ കമ്മീഷന് കഴിഞ്ഞില്ല.

അതേസമയം നിയമ രൂപീകരണത്തിനുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ ഏകീകൃത സിവിൽ കോഡില്‍ 22ആം നിയമ കമ്മീഷന്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയാണ്. ഇതിനായി ജി മെയില്‍ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.

ഇ.ഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന; ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍

ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതമന്ത്രി സെന്തിൽ ബാലാജിക്ക് ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ മുതൽ തമിഴ്നാട് സെക്രട്ടറിയേറ്റിലെ ഓഫീസിലും വസതിയിലും തുടങ്ങിയ റെയ്ഡിനൊടുവിൽ ഇന്ന് പുലർച്ചയാണ് സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. വസതിയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ടുപോകും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം. പണം നൽകിയിട്ടും ജോലി ലഭിച്ചില്ലെന്ന് കാണിച്ച് നാലുപേർ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ നിയമം പാലിച്ചില്ലെന്ന് കാണിച്ച് കോടതിയെ സമീപിക്കാനാണ് ഡി.എം.കെയുടെ തീരുമാനം.

ആശുപത്രിയിൽ തുടരുന്ന സെന്തിൽ ബാലാജിയെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു. ഇ.ഡിയുടേത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് എം.കെ സ്റ്റാലിൻ പ്രതികരിച്ചു. ബി.ജെ.പിയുടെ ഭീഷണിയെ ഡി.എം.കെ ഭയക്കില്ലെന്നും എം.കെ സ്റ്റാലിൻ വ്യക്തമാക്കി. അറസ്റ്റിനെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും സി.പി.ഐയും രംഗത്തുവന്നു.

ഡി.എം.കെ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഓമന്തുരർ സർക്കാർ ആശുപത്രിക്ക് മുന്നിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ സെന്തിൽ ബാലാജിക്കായി ഭാര്യ എസ്. മേഖല മദ്രാസ് ഹൈക്കോടതിയിൽ ഹെബിയസ്കോർപ്പസ് സമർപ്പിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കും: സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ച ശേഷം സ്റ്റാലിന്‍

എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രി സെന്തിൽ ബാലാജിയെ കാണാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചെന്നൈയിലെ ഓമന്ദൂരാർ സർക്കാർ ആശുപത്രിയിലെത്തി. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥർ ബാലാജിയെ ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

സെന്തിൽ ബാലാജി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചു. എന്നിട്ടും ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെ മന്ത്രി ഉദ്യോഗസ്ഥരുമായി സഹകരിക്കുമ്പോൾ ഇത്രയും നീണ്ട അന്വേഷണത്തിന്‍റെ ആവശ്യമെന്തായിരുന്നുവെന്നും ഇഡി ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ നടപടി എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ''ഏതു കേസായാലും ബാലാജി അതിനെ നിയമപരമായി നേരിടും. ഞങ്ങൾ ഞങ്ങളുടെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കും. ഡിഎംകെ ദൃഢനിശ്ചയത്തോടെ കേസിനെ നിയമപരമായി നേരിടും.ബി.ജെ.പിയുടെ ഭീഷണിയിൽ ഡിഎംകെ പതറില്ല.ഇത്തരം അടിച്ചമർത്തലുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തക്ക മറുപടി നൽകുമെന്നും'' സ്റ്റാലിൻ പറഞ്ഞു.

സെന്തിൽ ബാലാജിയുടെ ഭാര്യ എസ്. മെഗല ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി. സെന്തിലിന്‍റെ അറസ്റ്റിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് പറഞ്ഞു.2011 മുതൽ 15 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം. പണം നൽകിയിട്ടും ജോലി ലഭിച്ചില്ലെന്ന് കാണിച്ച് നാലുപേർ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വസതിയിൽ നിന്ന് ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോകും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ ആശുപത്രിയിലെത്തിച്ച സെന്തിൽ ബാലാജിക്ക് ഹൃദയശസ്ത്രക്രിയ വേണമെന്ന് ആശുപത്രി നിർദേശിച്ചു.സെന്തില്‍ നാടകം കളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

ലോക രക്തദാന ദിനം

രക്തദാനം മഹാദാനം എന്ന സന്ദേശം ഓര്‍മ്മപ്പെടുത്തി എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോക രക്ത ദാന ദിനമായി ആചരിക്കുന്നു. ആളുകളെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക, ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. 'രക്തം നല്‍കുക, പ്ലാസ്മ നല്‍കുക, ജീവിതം പങ്കിടുക, ഇടയ്ക്കിടെ പങ്കിടുക' എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം. രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യ ഭയങ്ങളും മാറ്റിവെച്ച് ഈ ' ഒഴുകുന്ന ജീവനെ' പങ്കുവെക്കാന്‍ നാം ഓരോരുത്തരും സന്നദ്ധരാകണമെന്നും ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്ക്യു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വരുന്നവരുടെ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഈ ദിനാചരണം സഹായകമാകുന്നു.

സംഘർഷം അവസാനിക്കാതെ മണിപ്പൂർ; വെടിവെപ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വെടിവെപ്പിൽ സ്ത്രീയുൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. ഖമെൻലോക് മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായതെന്ന് സൈന്യം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യം നിരവധി ഇടപെടൽ നടത്തിയിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ലെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ മണിപ്പൂരിലെത്തി ചർച്ചകൾ നടത്തിയിരുന്നു. പക്ഷേ സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി വീടുകൾ അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്ന സംസ്ഥാനത്തുനിന്ന് സൈന്യം നൽകുന്ന വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്.

സർക്കാർ നൽകുന്ന കണക്കുപ്രകാരം നൂറിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ കൊല്ലപ്പെട്ടവരുടെ പൂർണ വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. സംഘർഷം അവസാനിപ്പിക്കാൻ ഗവർണറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിരുന്നെങ്കിലും ഒരുതവണ മാത്രമാണ് ഇവർ യോഗം ചേർന്നത്.

ഒരു മാസത്തോളമായി മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തതിനെയും പ്രതിപക്ഷം വിമർശിക്കുന്നത്. പൊലീസിന്റെ ആയുധങ്ങൾ വൻതോതിൽ മേഷണം പോയിരുന്നു. ഇതുപയോഗിച്ചാണ് ആക്രമണം നടത്തുന്നത് എന്നാണ് സൈന്യം തന്നെ പറയുന്നത്. എന്നാൽ ഈ ആയുധങ്ങൾ ഇതുവരെ പിടിച്ചെടുക്കാൻ സൈന്യത്തിനായിട്ടില്ല.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News