‘മനുഷ്യ​രെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റകൊടുക്കും’; രാജ്യത്തെ ഞെട്ടിച്ച സീരിയൽ കില്ലർ പിടിയിൽ

കഴിഞ്ഞ വർഷം പരോളിലിറങ്ങി മുങ്ങിയ ദേവേന്ദ്ര ശർമ രാജസ്ഥാനിലെ ആശ്രമത്തിൽ പുരോഹിതനെന്ന നിലയിൽ വേഷം മാറി കഴിയുകയായിരുന്നു

Update: 2025-05-21 01:59 GMT

ന്യൂഡൽഹി: മനു​ഷ്യരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകി രാജ്യത്തെ ഞെട്ടിച്ച സീരിയൽ കില്ലർ പിടിയിൽ. ഡോക്ടർ ഡെത്ത് എന്ന് പൊലീസ് ഫയലുകളിൽ അറിയപ്പെടുന്ന ആയുർവേദ ഡോക്ടറായ 67 കാരൻ ദേവേന്ദ്ര ശർമയെ ഡൽഹി പൊലീസാണ് പിടികൂടിയത്.

ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടയിൽ കഴിഞ്ഞ വർഷം പരോളിലിറങ്ങി മുങ്ങിയ ദേവേന്ദ്ര ശർമ രാജസ്ഥാൻ ദൗസയിലെ ആശ്രമത്തിൽ പുരോഹിതനെന്ന നിലയിൽ വേഷം മാറി കഴിയുകയായിരുന്നു.

അൻപതോളം കൊലപാതകക്കേസുകളിൽ ശർമക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. 27 കൊലപാതകക്കേസുകളിൽ പ്രതിയായ ഡോക്ടർ തട്ടിക്കൊണ്ടുപോകൽ, കവർച്ച, അവയവക്കടത്ത് കേസുകളിലും പ്രതിയാണ്. ഡൽഹി,രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ഏഴ് കേസുകളിലായി ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗുഡ്ഗാവ് കോടതി വധശിക്ഷയും വിധിച്ചിട്ടുണ്ട്.

Advertising
Advertising

2002 നും 2004 നും ഇടയിൽ നിരവധി ട്രക്ക്, ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തിയ കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് 2023 ൽ പ്രതി പരോളിൽ ഇറങ്ങിയതും ഒളിവിൽ പോയതുമെന്ന് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമീഷണർ ആദിത്യ ഗൗതം പറഞ്ഞു.

വ്യാജ യാത്രകളുടെ പേരിൽ വാഹനങ്ങൾ വിളിച്ച ശേഷം ഡ്രൈവർമാരെ കൊലപ്പെടുത്തി വണ്ടികൾ ഗ്രേ മാർക്കറ്റിൽ വിൽക്കുന്നതായിരുന്നു ശർമയുടെയും സംഘത്തിന്റെയും രീതി. തെളിവുകൾ നശിപ്പിക്കുന്നതിനായി കൊലപ്പെടുത്തിയവരെ കഷ്ണങ്ങളാക്കി ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ മുതലകൾ നിറഞ്ഞ തടാകത്തി​ൽ എറിയും. ആറ് മാസത്തിലേറെയായി ക്രൈംബ്രാഞ്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് വ്യാജ പേരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ​അന്വേഷണസംഘം പിടികൂടുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News