'ഞാൻ നൂറ് തവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്, മരണം വന്ന് മുട്ടിയാൽ ഞാൻ അതിന്റെ കണ്ണുകളിലേക്ക് നോക്കും.'
-ഷാഹിദ് ആസ്മി
മുംബൈ കുർളയിലെ ടാക്സിമെൻസ് കോളനിയിലെ ഓഫീസിലിരിക്കെ അഭിഭാഷകനായ ഷാഹിദ് ആസ്മിയെ ക്ലയന്റുകളായി വേഷമിട്ട് വന്ന നാല് പേർ പോയിന്റ്-ബ്ലാങ്കിൽ വെടിവച്ചു കൊന്നിട്ട് ഇന്നേക്ക് 16 വർഷം തികയുന്നു. എന്നാൽ ഇതുവരെ അക്രമികൾക്കെതിരെ നടപടിയെടുക്കാൻ നമ്മുടെ നിയമവ്യവസ്ഥക്ക് സാധിച്ചിട്ടില്ല. ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഷാഹിദ് മുംബൈയിലെ ശിവാജിനഗറിലാണ് ജനിച്ചു വളർന്നത്. 1992ലെ മുംബൈ മുസ്‌ലിം വിരുദ്ധ കലാപങ്ങൾക്കിടയിൽ വളർന്ന കൗമാരക്കാരനായിരുന്നു ഷാഹിദ്. ഈ കാലാപങ്ങൾ അദേഹത്തെ വളരെയധികം സ്വാധീനിച്ചു. ഒരുഘട്ടത്തിൽ വിഘടന പ്രവർത്തനങ്ങൾക്കായി കശ്മീരിലേക്ക് പലായനം ചെയ്‌തെങ്കിലും താമസിയാതെ തന്റെ കുടുംബത്തിലേക്ക് മടങ്ങി.
തിരിച്ചെത്തിയ ഷാഹിദിനെ കാത്തിരുന്നത് മറ്റൊരു കയ്‌പേറിയ അനുഭവമായിരുന്നു. ഒരു രാഷ്ട്രീയ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് 1994ൽ ഡൽഹി പൊലിസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഷാഹിദിനെ അറസ്റ്റ് ചെയ്തു. തന്റെ കൗമാരത്തിന്റെ ശേഷിച്ച കാലം അദേഹം ജയിലിലായിരുന്നു. കസ്റ്റഡിയിൽ വെച്ച് പീഡനത്തിന് ഇരയായെന്നും തെറ്റായ കുറ്റസമ്മതങ്ങളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും ഷാഹിദ് പിന്നീട് പറയുന്നുണ്ട്. ഏഴ് വർഷം ജയിലിൽ കിടന്ന അദേഹം 2001ൽ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടു.
തിഹാർ ജയിലിൽ വിചാരണ കാത്തിരിക്കുന്ന സമയത്ത് അദേഹം പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി ആർട്‌സിൽ ബിരുദം നേടി. മറ്റ് തടവുകാരെ അവരുടെ കേസുകൾ വാദിക്കാൻ ജയിലിലായിരിക്കുമ്പോൾ തന്നെ സഹായിച്ച ഷാഹിദ്, കുറ്റമുക്തനായ ശേഷം മുംബൈയിലേക്ക് മടങ്ങി കെസി കോളജിൽ നിന്ന് നിയമ ബിരുദം നേടി. മുംബൈയിൽ അഭിഭാഷകവൃത്തി ആരംഭിച്ച ഷാഹിദ് നിരവധി ക്രിമിനൽ കേസുകൾ ഏറ്റെടുക്കുകയും ബോംബെ ഹൈക്കോടതിയുടെയും സുപ്രിം കോടതിയുടെയും മുമ്പാകെ പ്രധാനപ്പെട്ട നിയമ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്തു. തെറ്റായി തീവ്രവാദ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവരുടെ കേസുകളാണ് അദേഹം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.
ഉന്നതതല തീവ്രവാദ കേസുകളിൽ തെറ്റായി പ്രതി ചേർക്കപ്പെട്ട നിരവധി വ്യക്തികൾക്ക് വേണ്ടി ഷാഹിദ് വാദിച്ചു. 2002ലെ ഘാട്‌കോപ്പർ ബോംബാക്രമണം, 7/11 മുംബൈ ട്രെയിൻ സ്‌ഫോടനങ്ങൾ, 2006ലെ ഔറംഗാബാദ് ആയുധക്കടത്ത്, 2006ലെ മാലേഗാവ് സ്‌ഫോടന കേസ് ഉൾപ്പെടെയുള്ള കേസുകളിലും അദേഹം നീതിക്കായി ഹാജരായി. തന്റെ വെറും ഏഴ് വർഷത്തെ കരിയറിൽ തെറ്റായി തീവ്രാവാദ കുറ്റം ചാർത്തപ്പെട്ട 17 പേരെ കുറ്റമുക്തരാക്കി. ഒരു അഭിഭാഷകനെന്ന നിലയിൽ വെറും ഏഴ് വർഷത്തെ കരിയർ മാത്രമേ ഷാഹിദിന് അവകാശപ്പെടാനുള്ളുവെങ്കിലും നീതിക്കുവേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് അവ പര്യാപ്തമായിരുന്നു.
തീവ്രവാദ കുറ്റം ചുമത്തപ്പെട്ടവരെ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം കാരണം അദേഹത്തെ 'തീവ്രവാദ അഭിഭാഷകൻ' എന്ന് മുദ്രകുത്തി. 2008ൽ 7/11 മുംബൈ ട്രെയിൻ സ്‌ഫോടനത്തിലെ പ്രതികളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ജയിൽ സൂപ്രണ്ടായ സ്വാതി സത്തേയ്‌ക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയാണ് ഷാഹിദിന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഹരജിയിലെ ആരോപണങ്ങൾ സ്ഥിരീകരിക്കപ്പെട്ടത് അദേഹത്തെ ശ്രദ്ധേയനാക്കി. ഷാഹിദ് കൈകാര്യം ചെയ്ത മറ്റൊരു കേസാണ് മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയായ ഫഹീം അൻസാരിയുടേത്. അൻസാരിയെ പിന്നീട് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഫലം കാണാൻ ഷാഹിദ് ജീവിച്ചിരുന്നില്ല. ഷാഹിദ് മരിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം, 12 വർഷത്തിന് ശേഷം 2010 മെയ് മാസത്തിൽ അൻസാരിയെ കോടതി വിട്ടയച്ചു.
വധഭീഷണികൾ ഉണ്ടായിരുന്നിട്ടും വ്യവസ്ഥിതിയാൽ അരികുവൽക്കരിക്കപ്പെട്ടവരെ സംരക്ഷിക്കുക എന്ന തന്റെ ദൗത്യത്തിൽ നിന്ന് ഷാഹിദ് പിന്തിരിഞ്ഞില്ല. തന്റെ ജീവിതം ഊർജസ്വലതയോടെയും ധൈര്യത്തോടെയും മുന്നോട്ട് നയിച്ചു. നീതിക്ക് വേണ്ടി, സ്വന്തം ജീവൻ തന്നെ നൽകി. ഷാഹിദിനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിചാരണ എങ്ങുമെത്തിയില്ല.
16 വർഷങ്ങൾക്ക് ശേഷവും, വ്യവസ്ഥാപിതമായ അടിച്ചമർത്തലിനെതിരെയും കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തിനായുള്ള പോരാട്ടത്തിലും ഷാഹിദ് ആസ്മിയുടെ പേര് പലർക്കും പ്രചോദനമാണ്. തന്റെ സഹോദരന്റെ പാത പിന്തുടർന്ന് ഷാഹിദിന്റെ ഇളയ സഹോദരൻ ഖാലിദ് ഇപ്പോൾ അഭിഭാഷകനാണ്. ഷാഹിദ് ബാക്കിവെച്ച കേസുകൾ ഇപ്പോൾ ഖാലിദാണ് വാദിക്കുന്നത്.