'മാംസാഹാരം നിരോധിക്കണം'; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കിയതിനെ പ്രശംസിച്ച് ശത്രുഘ്‌നൻ സിൻഹ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുമ്പ് സർവകക്ഷി യോ​ഗം വിളിച്ച് എല്ലാവരുടെയും അഭിപ്രായം തേടണമെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു.

Update: 2025-02-05 06:47 GMT

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കിയതിനെ പ്രശംസിച്ച് തൃണമൂൽ കോൺഗ്രസ് എംപി ശത്രുഘ്‌നൻ സിൻഹ. എന്നാൽ രാജ്യവ്യാപകമായി ഇത് നടപ്പാക്കുന്നതിന് പരിമിതികളുണ്ട്. മാംസാഹാരം നിരോധിണമെന്നാണ് തന്റെ അഭിപ്രായമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇത് പ്രായോഗികമല്ലെന്നും ശത്രുഘ്‌നൻ സിൻഹ പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗത്തും ബീഫ് നിരോധിച്ചിട്ടുണ്ട്. ബീഫ് മാത്രമല്ല, മാംസാഹാരം പൂർണമായും നിരോധിക്കണം എന്നാണ് തന്റെ അഭിപ്രായം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലടക്കം പല പ്രദേശങ്ങളിലും ബീഫ് കഴിക്കുന്നത് നിയമവിധേയമാണ്. ഇത് പാടില്ല, എല്ലായിടത്തും നിരോധനം നടപ്പാക്കണമെന്നും സിൻഹ പറഞ്ഞു.

Advertising
Advertising

ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കിയത് പ്രശംസനീയമാണെന്ന് ശത്രുഘ്‌നൻ സിൻഹ പറഞ്ഞു. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒറ്റ നിയമമാണ് ബിജെപിയുടെ ഏക സിവിൽ കോഡ് വിഭാവനം ചെയ്യുന്നത്. ഇതിൽ പഴുതുകളുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി സർവകക്ഷി യോഗം വിളിക്കണം. വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായം തേടണം. ഏക സിവിൽ കോഡ് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രം കാണരുതെന്നും സിൻഹ പറഞ്ഞു.

ജനുവരി 27നാണ് ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കിയത്. സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ലിവ് ഇൻ ബന്ധങ്ങൾക്കും വിവാഹത്തിന് സമാനമായ രീതിയിൽ രജിസ്‌ട്രേഷൻ വേണം, ആൺമക്കൾക്കും പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യ അവകാശം ലഭിക്കും തുടങ്ങിയവയാണ് ഉത്തരാഖണ്ഡ് നടപ്പാക്കിയ നിയമത്തിലെ വ്യവസ്ഥകൾ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News