ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റം ജനങ്ങളുടെ ആഗ്രഹമല്ല രാഷ്ട്രീയ കളിയാണെന്ന് ശിവസേന

രാജീവ് ഗാന്ധി ഒരു ഹോക്കി സ്റ്റിക്ക് കൈയില്‍ പിടിച്ചിട്ടുണ്ടോ എന്നാണ് ചില ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നത്. അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിന് സര്‍ദാര്‍ പട്ടേലിന്റെ പേര് മാറ്റി സ്വന്തം പേരിട്ട മോദി ക്രിക്കറ്റിനായി എന്താണ് ചെയ്തതെന്ന് ആളുകള്‍ ചോദിക്കുന്നുണ്ടെന്നും സാമ്‌ന പരിഹസിച്ചു.

Update: 2021-08-09 10:53 GMT

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന എന്നാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ശിവസേന. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്‌ന അതിന്റെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. രാജീവ് ഗാന്ധിയുടെ പേര് മാറ്റി ധ്യാന്‍ചന്ദിന്റെ പേര് നല്‍കുന്നത് വലിയ അംഗീകാരമല്ല. അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് മോദിയുടെ പേര് നല്‍കാന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സംഭാവന എന്താണെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ്. അവരെപ്പോലുള്ള നേതാക്കളുമായി രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ രാജ്യത്തിന്റെ വികസനത്തില്‍ അവര്‍ നല്‍കിയ ത്യാഗങ്ങളെ അവഗണിക്കാന്‍ കഴിയില്ലെന്നും സാമ്‌ന ഓര്‍മ്മിപ്പിച്ചു.

Advertising
Advertising

രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ തന്നെ മേജര്‍ ധ്യാന്‍ചന്ദിനെ ആദരിക്കാമായിരുന്നു. പക്ഷെ അത്തരം പാരമ്പര്യവും സംസ്‌കാരവും രാജ്യത്തിന് നഷ്ടമായി. രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത രാജീവ് ഗാന്ധിയുടെ പേര് മാറ്റി ധ്യാന്‍ചന്ദിന്റെ പേര് നല്‍കുന്നത് അദ്ദേഹത്തിന് നല്‍കുന്ന വലിയ അംഗീകാരമല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

രാജീവ് ഗാന്ധി ഒരു ഹോക്കി സ്റ്റിക്ക് കൈയില്‍ പിടിച്ചിട്ടുണ്ടോ എന്നാണ് ചില ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നത്. അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിന് സര്‍ദാര്‍ പട്ടേലിന്റെ പേര് മാറ്റി സ്വന്തം പേരിട്ട മോദി ക്രിക്കറ്റിനായി എന്താണ് ചെയ്തതെന്ന് ആളുകള്‍ ചോദിക്കുന്നുണ്ടെന്നും സാമ്‌ന പരിഹസിച്ചു.

ആഗസ്റ്റ് ആറിനാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌നയുടെ പേര് ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന എന്നാക്കിയതായി പ്രധാനമന്ത്രി അറിയിച്ചത്. രാജ്യത്തെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടാണ് ഖേല്‍ രത്‌നയുടെ പേര് മാറ്റിയതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News