'പണം നിറച്ച' ബാഗുമായിരിക്കുന്ന ശിവസേന മന്ത്രി സഞ്ജയ് ശിർസാതിന്റെ വീഡിയോ വൈറൽ; ബാഗിലുള്ളത് വസ്ത്രങ്ങൾ മാത്രമെന്ന് മന്ത്രി

2019ൽ ശിർസാത് നൽകിയ സത്യവാങ്മൂലത്തിൽ 3.3 കോടിയായിരുന്നു അദ്ദേഹത്തിന്റെ സ്വത്ത്. 2024ൽ അത് 35 കോടിയായി വർധിച്ചു.

Update: 2025-07-11 13:03 GMT

മുംബൈ: 'പണം നിറച്ച' ബാഗുമായിരിക്കുന്ന ശിവസേന മന്ത്രി സഞ്ജയ് ശിർസാതിന്റെ വീഡിയോ വൈറൽ. പാതി തുറന്ന ബാഗിൽ നോട്ടുകെട്ടുകൾ അടുക്കിവെച്ച നിലയിലാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ആരോപണം മന്ത്രി നിഷേധിച്ചു. ബാഗിൽ തുണികൾ മാത്രമാണുള്ളതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ബാഗുമായിരിക്കുന്ന മന്ത്രിയുടെ വീഡിയോ ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത് ആണ് എക്‌സിൽ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് എനിക്ക് സഹതാപം തോന്നുന്നു. തന്റെ മാന്യത കീറിമുറിക്കപ്പെടുന്നത് എത്രകാലം അദ്ദേഹം വെറുതെ നോക്കിയിരിക്കും. നിസ്സഹായതയുടെ മറ്റൊരു പേരാണ് ഫഡ്‌നാവിസ് എന്നും റാവത്ത് എക്‌സിൽ കുറിച്ചു.

Advertising
Advertising

അതേസമയം ആരോപണം നിഷേധിച്ച് ശിർസാത് രംഗത്തെത്തി. ''വീഡിയോയിൽ കാണുന്നത് എന്റെ വീട് തന്നെയാണ്. ബനിയൻ ധരിച്ച് ഞാൻ ബെഡ്‌റൂമിൽ ഇരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്റെ വളർത്തു നായയേയും ഒരു ബാഗും അതിൽ കാണാം. ഞാൻ യാത്ര കഴിഞ്ഞുവന്ന് വസ്ത്രം മാറിയിരിക്കുകയാണെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതുപോലെ പണം നിറച്ച ഒരു ബാഗ് ഉണ്ടെങ്കിൽ അത് അലമാരയിൽ വെക്കില്ലേ? വസ്ത്രങ്ങൾ മാത്രമാണ് ബാഗിലുള്ളത്. ഇതുപോലുള്ള ആരോപണങ്ങൾ എന്റെ രാഷ്ട്രീയ ജീവിതത്തെ ബാധിക്കില്ല''- ശിർസാത് പറഞ്ഞു.

ശിർസാതിന്റെ സ്വത്തിൽ ഗണ്യമായ വർധനയുണ്ടായതിനെ കുറിച്ച് ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റ് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. 2019ൽ ശിർസാത് നൽകിയ സത്യവാങ്മൂലത്തിൽ 3.3 കോടിയായിരുന്നു അദ്ദേഹത്തിന്റെ സ്വത്ത്. 2024ൽ അത് 35 കോടിയായി വർധിച്ചെന്നാണ് കണക്കുകൾ പറയുന്നത്.

2019, 2024 നിയമസഭാ തെരഞ്ഞെടുപ്പിനിടയിൽ സമ്പത്തിലുണ്ടായ ഈ വർധന സംബന്ധിച്ച് വിശദീകരണം നൽകാൻ ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റ് ശിർസാതിനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News