മഹാരാഷ്ട്ര നാടകം സുപ്രിംകോടതിയിലേക്ക്; അയോഗ്യത നീക്കത്തിനെതിരെ ഹരജി നൽകി ഷിൻഡെ വിഭാഗം

ഷിൻഡെയടക്കം വിമത വിഭാഗത്തിലെ 16 എംഎൽഎമാർ അയോഗ്യരാകാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചിരിക്കുകയാണ്

Update: 2022-06-26 14:48 GMT
Advertising

ശിവസേനയിലെ വലിയൊരു ശതമാനം എംഎൽഎമാർ വിമത നീക്കം തുടങ്ങിയതോടെ ഉടലെടുത്ത മഹാരാഷ്ട്ര നാടകം സുപ്രിംകോടതിയിലേക്ക്. ഡെപ്യൂട്ടി സ്പീക്കർ തങ്ങളുടെ കൂട്ടത്തിൽപ്പെട്ട എംഎൽഎമാരെ അയോഗ്യരാക്കുന്നതിനെതിരെ ശിവസേനയിലെ ഏക്‌നാഥ് ഷിൻഡെ വിഭാഗം ഹരജി നൽകി. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. ഹരജിയിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച് നാളെ വാദം കേൾക്കും. അയോഗ്യരാകാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെയടക്കം വിമത വിഭാഗത്തിലെ 16 എംഎൽഎമാർക്ക് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ചക്കകം മറുപടി നൽകണമെന്നാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്.

അതിനിടെ, ഒരു ശിവസേന മന്ത്രി കൂടി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേനാ ക്യാമ്പിൽ ചേർന്നു. മഹാരാഷ്ട്ര മന്ത്രി ഉദയ് സാവന്താണ് ഷിൻഡെക്കൊപ്പം ചേർന്നത്. വിമതർക്കൊപ്പം ചേരുന്ന എട്ടാമത്തെ മന്ത്രിയാണ് ഉദയ് സാവന്ത്. നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാർ നിലവിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുകയാണ്.

സ്വതന്ത്രർ ഉൾപ്പെടെ അമ്പതോളം എംഎൽഎമാരുടെ പിന്തുണയുണ്ട് എന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്.ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവിന്റെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചു. പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ അറിയിച്ചതിനെ തുടർന്നാണിത്. ശനിയാഴ്ച ചേർന്ന പാർട്ടി നിർവാഹക സമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

Shivasena Shinde faction filed petition in Supreme Court against disqualification move

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News