ജയിലിലായാൽ മന്ത്രിസ്ഥാനം പോകുന്ന ബിൽ; ലോക്സഭയിൽ കടുത്ത പ്രതിഷേധം, ബിൽ കീറിയെറിഞ്ഞ് തൃണമൂൽ അംഗങ്ങള്‍
നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് അംഗങ്ങള്‍, ബില്ല് കീറിയെറിയുകയായിരുന്നു
ന്യൂഡല്‍ഹി: ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ അമിത് ഷാ അവതരിപ്പിച്ചതിൽ കടുത്ത പ്രതിഷേധം.
തൃണമൂൽ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമെന്ന് അസദുദ്ദീന്‍ വൈസിയും ഭരണഘടനയെ തകർക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും വ്യക്തമാക്കി.
നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് അംഗങ്ങള്‍, ബില്ല് കീറിയെറിയുകയായിരുന്നു. സഭാനടപടി ചട്ടങ്ങൾക് വിരുദ്ധമായിട്ടാണ് ബില്ലവരണമെന്ന് എന്‍.കെ പ്രേമചന്ദ്രൻ പറഞ്ഞു. ബില്ല് അംഗങ്ങൾക്ക് നൽകിയില്ലെന്ന ചൂണ്ടിക്കാട്ടിയ എൻ.കെ പ്രേമചന്ദ്രൻ എംപി എന്തിനാണ് അനാവശ്യ തിടുക്കമെന്നും ചോദിച്ചു. പ്രതിഷേധം രൂക്ഷമായതോടെ ബിൽ, ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു.
ബിൽ ചട്ടപ്രകാരമാണ് എന്നായിരുന്നു അമിത് ഷായുടെ വിശദീകരണം. അതേസമയം ഫെഡറൽ സംവിധാനം തകർക്കാനുള്ള നീക്കമാണെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി. അമിത് ഷാ മുൻപ് അറസ്റ്റിലായിട്ടുണ്ട്, രാജി വക്കുമോ എന്ന് കെ.സി വേണുഗോപാൽ ചോദിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നേർക്കുനേർ മുദ്രാവാക്യം വിളിച്ചതോടെ സഭ തടസപ്പെട്ടു.