'ഭിന്നതയില്ല, ആശയക്കുഴപ്പമില്ല'; സംയുക്ത വാർത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും
കഴിഞ്ഞ ഒരു മാസമായി ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നുവെന്നും ഇപ്പോൾ എല്ലാം പരിഹരിക്കപ്പെട്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു
ബെംഗളൂരു: തങ്ങൾക്കിടയിൽ ഒരു പ്രശ്‌നവും ഭിന്നതയുമില്ലെന്ന് കർണാക മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിദ്ധരാമയ്യയുടെ പ്രഭാതവിരുന്നിന് ശേഷമായിരുന്നു വാർത്താസമ്മേളനം.
കഴിഞ്ഞ ഒരു മാസമായി ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നുവെന്നും ഇപ്പോൾ എല്ലാം പരിഹരിക്കപ്പെട്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. തങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു. കോർപറേഷൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശിവകുമാർ പറഞ്ഞു.
ശിവകുമാർ തന്നെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ ആദ്യം തന്റെ വീട്ടിൽ പ്രഭാതഭക്ഷണം നിർബന്ധിക്കുകയായിരുന്നു എന്നും സിദ്ധരാമയ്യ പറഞ്ഞു. ഒരു ദിവസം അദ്ദേഹത്തിന്റെ വസതിയിൽ ഉച്ചഭക്ഷണത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
''കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. 2028ലെ തെരഞ്ഞെടുപ്പിലും ഒരുമിച്ച് പ്രവർത്തിക്കും. ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായവ്യത്യാസവും ഇല്ല. ഇതുവരെ ഒരു ഭിന്നതയും ഉണ്ടായിട്ടില്ല. ഭാവിയിലും ഒന്നും ഉണ്ടാവില്ല''- ശിവകുമാർ പറഞ്ഞു.
അതേസമയം പ്രഭാതഭക്ഷണത്തിനിടെ നടത്തിയ ചർച്ചയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ നേതാക്കൾ തയ്യാറായിട്ടില്ല. ഡി.കെ ശിവകുമാറിന് സ്വീകാര്യമായ തീരുമാനങ്ങൾ ഉണ്ടായതായാണ് സൂചന. അതേസമയം പെട്ടെന്നുള്ള മാറ്റം ഉണ്ടാവില്ല. വലിയ ജനപിന്തുണയുള്ള സിദ്ധരാമയ്യയെ പെട്ടെന്ന് മാറ്റുന്നത് തിരിച്ചടിയാവുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
മന്ത്രിസഭാ പുനഃസംഘടനയാണ് സിദ്ധരാമയ്യ മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശം. ഇത് ഡി.കെ ശിവകുമാറിനും സ്വീകാര്യമാണ് എന്നാണറിയുന്നത്. കൂടുതൽ ശിവകുമാർ അനുകൂലികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുകയും ചെയ്യും. എംഎൽഎമാരിൽ ഭൂരിഭാഗവും സിദ്ധരാമയ്യയെ അനുകൂലിക്കുന്നവരാണ്. അതുകൊണ്ട് തന്നെ സിദ്ധരാമയ്യക്ക് കൂടി തൃപ്തികരമായ ഉഭയസമ്മതപ്രകാരമുള്ള ഒരു അധികാര കൈമാറ്റം മാത്രമേ കർണാടകയിൽ സാധ്യമാവുകയുള്ളൂ.