ഏറ്റവും കൂടുതൽ കാലം കർണാടക മുഖ്യമന്ത്രി; ദേവരാജ് അർസിന്റെ റെക്കോർഡ് മറികടക്കാനൊരുങ്ങി സിദ്ധരാമയ്യ

അർസിന്റെ റെക്കോർഡ് തകർക്കുമെന്ന് എപ്പോഴെങ്കിലും സങ്കൽപ്പിച്ചിരുന്നോ എന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയാകുമെന്നല്ല, മന്ത്രിയാകുമെന്ന് പോലും താൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു

Update: 2026-01-05 15:59 GMT

ബംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഡി.ദേവരാജ് അർസിനെ മറികടക്കാനൊരുങ്ങി സിദ്ധരാമയ്യ. ചൊവ്വാഴ്ചയാണ് സിദ്ധരാമയ്യ ചരിത്ര നേട്ടത്തിലേക്ക് എത്തുന്നത്. ജനങ്ങളുടെ അനുഗ്രഹത്താലാണ് താൻ ഈ നാഴികക്കല്ല് പിന്നിടുന്നതെന്ന് സിദ്ധരാമയ്യ തിങ്കളാഴ്ച മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. താനും അർസും തമ്മിലുള്ള പ്രധാന വ്യത്യാസം അദ്ദേഹം മുന്നാക്ക വിഭാഗത്തിൽപ്പെട്ടയാളും താൻ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന (കുറുബ അല്ലെങ്കിൽ ഇടയൻ) സമുദായത്തിൽ നിന്നുള്ളയാളുമാണ് എന്നതാണ്. ഇരുവരും മൈസൂരുവിൽ നിന്നുള്ളവരാണെന്നതിൽ അഭിമാനമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

Advertising
Advertising

അർസിന്റെ റെക്കോർഡ് തകർക്കുമെന്ന് എപ്പോഴെങ്കിലും സങ്കൽപ്പിച്ചിരുന്നോ എന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയാകുമെന്നല്ല, മന്ത്രിയാകുമെന്ന് പോലും താൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. താലൂക്ക് ബോർഡ് അംഗമായതിനുശേഷം താൻ ഒരു എംഎൽഎ ആകുമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. ഇതുവരെ എട്ട് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. രണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു. തന്റെ ജീവിതത്തിൽ, താലൂക്ക് തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ 13 തവണ മത്സരിച്ചിട്ടുണ്ട്. ദേവരാജ് അർസ് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ആളല്ല. വാസ്തവത്തിൽ, അദ്ദേഹം മുന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണ്.. ജനസംഖ്യ കുറവുള്ള ഒരു സമുദായത്തിൽ നിന്നുള്ളയാളായിരുന്നു അദ്ദേഹം. പക്ഷേ ജനപ്രിയ നേതാവായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

അർസിന്റെ കാലഘട്ടം വർത്തമാനകാലത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധരാമയ്യ, അർസ് ജനങ്ങളിൽ നിന്ന് നേരിട്ട് പണം സ്വരൂപിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് പറഞ്ഞു. ജനങ്ങൾ അദ്ദേഹത്തിന് പണവും വോട്ടും നൽകി. ഇപ്പോൾ കാലം മാറി. തന്റെ റെക്കോർഡ് തകർക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, റെക്കോർഡുകൾ തകർക്കാനുള്ളതാണ് എന്നായിരുന്നു പ്രതികരണം. ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോഹ്ലി തകർത്തില്ലേ? തന്റെ റെക്കോർഡ് ആരും തകർക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ആൾ അല്ലെങ്കിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ആൾ എന്ന തന്റെ റെക്കോർഡ് തകർക്കാൻ ആരെങ്കിലും ഉയർന്നുവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

1915 ആഗസ്റ്റ് 20ന് ജനിച്ച് 1982 ജൂൺ ആറിന് അന്തരിച്ച ദേവരാജ് അർസ് 1972-77, 1978-80 എന്നിങ്ങിനെ രണ്ട് തവണ കർണാടക മുഖ്യമന്ത്രിയായിരുന്നു. മൊത്തം അഞ്ച് വർഷവും 286 ദിവസവും എന്ന റെക്കാർഡാണ് 2023 മെയ് 20ന് രണ്ടാം തവണ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ മറികടക്കുന്നത്.

Tags:    

Similar News