ന്യൂഡല്‍ഹി: സിങ്കപ്പൂരിൽ വെച്ച് പ്രശസ്ത ഗായകൻ സുബീൻ ഗാർഗ് മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതകളില്ലെന്ന് സിംഗപ്പൂര്‍ പൊലീസിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അസമില്‍ കൊലപാതകക്കുറ്റമുള്‍പ്പെടെ ചുമത്തി ഏഴ് പേരെ ജയിലിലടച്ചിരിക്കെയാണ് ദുരൂഹതകളില്ലെന്ന് സിംഗപ്പൂര്‍ പൊലീസ് പറയുന്നത്.
സുബീന്‍ ഗാര്‍ഗ് മദ്യലഹരിയിലായിരുന്നുവെന്നും അതിനാല്‍ ലൈഫ് ജാക്കറ്റ് നിരസിച്ചെന്നുമാണ് സിംഗപ്പൂര്‍ പൊലീസ് പറയുന്നത്. അദ്ദേഹത്തിന്റെ 100 മില്ലി രക്തത്തിൽ 333 മില്ലിഗ്രാം എന്ന അളവിൽ മദ്യത്തിന്റെ അളവ് ഉണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതിനാല്‍ തന്നെ ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. സിംഗപ്പൂരിൽ നിയമപരമായ പരിധി 80 മില്ലിഗ്രാം എന്ന നിലയാണ്.
ജലാശയത്തിൽ നീന്താൻ ഇറങ്ങിയപ്പോള്‍ ആദ്യം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും വലുതാണെന്ന് പറഞ്ഞ് സുബീൻ അത് ഊരിമാറ്റി. പിന്നീട് മറ്റൊന്ന് നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. മദ്യലഹരിയിലായിരുന്നതിനാല്‍ വെള്ളത്തില്‍ വെച്ച് തളർന്നുപോയെന്നും മുങ്ങിയെന്നും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം നടത്തിയ പ്രാഥമിക അന്വേഷണത്തിലും ദുരൂഹതകളൊന്നും കണ്ടെത്താനായിരുന്നില്ല.
അതേസമയം സുബീന്റെ മരണം അസമില്‍ വന്‍ കോളിളടക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അസം സര്‍ക്കാര്‍ പ്രതിഷേധക്കാരെ തണുപ്പിച്ചത്. പിന്നാലെയാണ് വിവിധ ഘട്ടങ്ങളിലായി ഏഴ് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. ഇതില്‍ നാല് പേർക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഏഴുപേരും ഇപ്പോള്‍ ജയിലിലാണ്. ജനരോഷം ഭയന്ന് വെർച്വലായാണ് ഇവരെ കോതിയില്‍ ഹാജരാക്കിയത് പോലും.
ഇവൻ്റ് ഓർഗനൈസറായ ശ്യാംകനു മഹന്ത, സുബീൻ ഗാർഗിൻ്റെ മാനേജർ സിദ്ധാർത്ഥ് ശർമ, ബാൻഡ്മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, ഗായകൻ അമൃതപ്രാവ മഹന്ത, ബന്ധു സന്ദീപൻ ഗാർഗ്, രണ്ട് വ്യക്തിഗത സുരക്ഷാ ഓഫീസർമാരായ നന്ദേശ്വര് ബോറ, പരേഷ് ബൈശ്യ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ആദ്യ നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം.
അതേസമയം സിംഗപ്പൂര്‍ പൊലീസ് റിപ്പോര്‍ട്ടിനോട് അസം സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ഇനി എങ്ങനെയാവും കേസിനെ കാണുക എന്നാണ് അറിയേണ്ടത്. പ്രതിഷേധം തണുപ്പക്കാനാണ് ഇവിടെ അറസ്റ്റും നടപടികളെന്നും അന്നേ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ സര്‍ക്കാറിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്ത് എത്തി. ഇവിടെ ഗൂഢാലോചനയുണ്ടന്ന് പറയുന്നു, സിംഗപ്പൂര്‍ പൊലീസ് പറയുന്നു ഇല്ലെന്ന്, ഇതിലേതാണ് വിശ്വസിക്കേണ്ടതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് ചോദിച്ചു.
2025 സെപ്റ്റംബർ 19ന് സിംഗപ്പൂരിലെ ലാസറസ് ദ്വീപിന് സമീപം നീന്തുന്നതിനിടെയാണ് സുബീന്‍ ഗാര്‍ഗ് മരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു സുബീൻ സിംഗപ്പൂരിലെത്തിയത്.