Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ബെംഗളൂരു: കർണാടക ബിജെപി എംഎൽഎ മണിരത്നവും കൂട്ടാളികളും ചേർന്ന് 40-കാരിയായ സാമൂഹിക പ്രവർത്തകയെ പീഡിപ്പിച്ചെന്ന് പരാതി. എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമൽ എന്നിവരാണ് കേസിലെ പ്രതികൾ. 2023 ൽ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
വാസന്തയും കമലും ചേർന്ന് കാറിൽ തന്നെ കൂട്ടിക്കൊണ്ടുപോയി എംഎൽഎയുടെ ഓഫീസിലെത്തിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
'അവർ നാല് പേരും ചേർന്ന് എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ഞാൻ എതിർത്താൽ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മണിരത്നയുടെ നിർദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേർന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎൽഎ എന്റെ മുഖത്ത് മൂത്രമൊഴിച്ചു' - അവർ പരാതിയിൽ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാൽ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിർദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവർ പറയുന്നു.
ഈ സംഭവത്തിന് ശേഷം യുവതി ഗുരുതരാവസ്ഥയിലാവുകയും, ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് നൽകിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.