ലഡാക്കിനായി സോനം വാങ്ചുകിന്റെ പോരാട്ടം; നിരാഹാര സമരം 18 ദിവസം പിന്നിട്ടു

സംസ്ഥാന പദവിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര സർക്കാറിനെതിരെ ലഡാക്കുകാർ പോരാടുന്നത്

Update: 2024-03-23 14:28 GMT
Advertising

ലേ: സമുദ്രനിരപ്പിൽനിന്ന് 3500 മീറ്റർ അടി ഉയരത്തിലുള്ള ലഡാക്കിൽ ഇപ്പോൾ താപനില പൂജ്യത്തിനും താഴെയാണ്. എന്നാൽ, ആഴ്ചകളായി തുടരുന്ന നാട്ടുകാരുടെ പോരാട്ടത്തിന്റെ ചൂട് അങ്ങ് ഡൽഹി വരെ പിടിച്ചുലക്കുന്നുണ്ട്. അതിന്റെ കാരണക്കാരൻ കാലാവസ്ഥ പ്രവർത്തകനും രമൺ മഗ്സസെ അവാർഡ് ജേതാവുമായ സോനം വാങ്ചുക് ആണ്. മാർച്ച് ആറിന് തുടങ്ങിയ അദ്ദേഹത്തിന്റെ നിരാഹാര സമരം 18 ദിവസമായിട്ടും തുടരുകയാണ്.

ലഡാക്കിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ നടപ്പാക്കുക, ലഡാക്കിന്റെ ദുർബലമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, ലഡാക്കിനും കാർഗിലിനും പ്രത്യേക പാർലമെന്റ് സീറ്റുകൾ, ലഡാക്കിനായി പ്രത്യേക പബ്ലിക് സർവീസസ് കമ്മീഷൻ എന്നിവയാണ് ലഡാക്കുകാരുടെ പ്രധാന ആവശ്യങ്ങൾ. ഇതിനായി അവർ കേന്ദ്ര സർക്കാറിനെതിരെ നീണ്ട പോരാട്ടത്തിലാണ്. ഈ പോരാട്ടവീര്യത്തിന് ഇന്ധനം പകരുകയാണ് വാങ്ചുകിന്റെ നിരാഹാര സമരം.

21 ദിവസത്തെ സമരമാണ് വാങ്ചുക് പ്രഖ്യാപിച്ചത്. ‘21 ദിവസം, കാരണം സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി അനുഷ്ഠിച്ച ഏറ്റവും ദൈർഘ്യമേറിയ ഉപവാസമാണത്. മഹാത്മാവിന്റെ പാത പിന്തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ സ്വയം വേദനിപ്പിക്കുന്നു, അതുവഴി സർക്കാറും അധികാരികളും ഞങ്ങളുടെ വേദന ശ്രദ്ധിക്കുകയും കൃത്യസമയത്ത് പ്രവർത്തിക്കുകയും ചെയ്യും’ -എന്നായിരുന്നു മാർച്ച് ആറിന് സോനം വാങ്ചുക് പറഞ്ഞത്.

സത്യത്തിനും പ്രകൃതിക്കും ജനാധിപത്യത്തിനും വേണ്ടിയാണ് തന്റെ സമരമെന്ന് അദ്ദേഹം വ്യക്തമാക്കി. 50 ശതമാനം ​ഗോത്ര വിഭാഗങ്ങൾ ഉണ്ടെങ്കിൽ തന്നെ ആറാം ഷെഡ്യൂൾ നടപ്പാക്കാവുന്നതാണ്. പ്രാദേശിക ഗോത്രവർഗക്കാർക്ക് ഭരണപരമായ അവകാശങ്ങൾ നൽകുന്നതാണ് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ. അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ ഇത് നടപ്പാക്കിയിട്ടുണ്ട്.

ലഡാക്കിൽ ഗോത്ര വിഭാഗങ്ങൾ 97 ശതമാനമാണ്. എന്നിട്ടും ഇവിടെ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

18 ദിവസത്തെ സമരത്തിനൊടുവിൽ ശരീരം വളരെ ക്ഷീണിച്ചിട്ടുണ്ട്. എന്നാലും 21 ദിവസം നിരാഹാരമിരിക്കുമെന്ന് അദ്ദേഹം നിശ്ചയദാർഢ്യത്തോടെ പറയുന്നു. വീണ്ടും നിരാഹാരമിരിക്കാനുള്ള ശക്തി വീണ്ടെടുക്കുന്നത് വരെ നാട്ടുകാരും അനുഭാവികളും മാറിമാറി നിരാഹാര സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രണ്ടായിരത്തോളം ആളുകളാണ് ലേ നഗരത്തിൽ അദ്ദേഹത്തിന് പിന്തുണയർപ്പിച്ച് എത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹത്തിന് പിന്തുണ അറിയിച്ച് കാർഗിലിൽ ആയിരക്കണക്കിന് ആളുകൾ മാർച്ച് നടത്തിയിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 2019ൽ കേന്ദ്ര സർക്കാർ റദ്ദാക്കുകയും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതോടെ പ്രാദേശിക സ്വയംഭരണാധികാരം നഷ്ടപ്പെട്ടു.

ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം അംഗീകരിക്കപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയിൽ ലഡാക്കിനെ ഉൾപ്പെടുത്തുമെന്ന് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതുവരെ പ്രാവർത്തികമായിട്ടില്ല.

ലഡാക്കിൽ ജനാധിപത്യമില്ലെന്ന് 57കാരനായ വാങ്ചുക് കുറ്റപ്പെടുത്തുന്നു. പ്രദേശത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉണ്ടെങ്കിൽ വ്യാവസായിക, ഖനന താൽപ്പര്യങ്ങളിൽനിന്ന് ഭൂമിയെയും വനങ്ങളെയും സംരക്ഷിക്കാൻ നിയമങ്ങൾ നിർമിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക കൂടിയാലോചന കൂടാതെ ലഡാക്കിൽ 13 ഗിഗാവാട്ടിന്റെ ഊർജ പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കിയതായും വാങ്ചുക് ആരോപിച്ചു. ലഡാക്ക് ഭൂമിയുടെ തെർമോമീറ്റർ പോലെയാണ്. അത് നശിച്ചാൽ അതൊരു ആഗോള ദുരന്തമായിരിക്കും ഉണ്ടാവുക -വാങ്ചുക് മുന്നറിയിപ്പ് നൽകുന്നു.

ചൈയുടെ കടന്നുകയറ്റവും കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങളും കാരണം ലഡാക്കിൽ ഭൂമി നഷ്ടപ്പെടുകയാണ്. ഇതിനെതിരെ പ്രദശേവാസികളും ഗോത്രവിഭാഗങ്ങളുമെല്ലാം ചേർന്ന് ഏപ്രിൽ ഏഴിന് ചൈനീസ് അതിർത്തിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും വാങ്ചുക് പറഞ്ഞു.

പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകനും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമാണ് സോനം വാങ്ചുക്. മെക്കാനിക്കൽ എൻജിനീയറായ ഇദ്ദേഹം നിരവധി ഗവേഷണ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. സ്റ്റുഡന്റ്സ് എജുക്കേഷനല്‍ ആൻഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ സ്ഥാപക ഡയറക്ടര്‍മാരിലൊരാളായ ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ത്രീ ഇഡിയറ്റ്സ് എന്ന ബോളിവുഡ് സിനിമ പിറക്കുന്നത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News